നവദുര്‍ഗ്ഗ മോഹിനിയാട്ട സോപാനസംഗീത സമന്വയം വേദിയിലെത്തുന്നു

നവദുര്‍ഗ്ഗ മോഹിനിയാട്ട സോപാനസംഗീത സമന്വയം വേദിയിലെത്തുന്നു

തലശ്ശേരി: ശ്രവണ സുഭഗമായ സോപാന സംഗിതത്തെ ദൃശ്യ സൗകുമാര്യത്തോടെ, കലയുടെ ആട്ടവിളക്കില്‍ തിരികൊളുത്തി അവതരിപ്പിക്കുകയാണ് വിഖ്യാത മോഹിനിയാട്ട കലാകാരി മണിമേഖല ടീച്ചര്‍. സെപ്റ്റംബര്‍ നാലിന് സോപാനം സ്‌കൂളും പഞ്ചവാദ്യ ട്രസ്റ്റും കേന്ദ്ര സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് നടത്തുന്ന സോപാനം വാദ്യകലാ ഫെസ്റ്റില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടവും സോപാനസംഗീതവും സമന്വയിപ്പിച്ച്, അലൗകികമായ ശോഭയോടെ അരങ്ങിലെത്തിക്കുകയാണ് ടീച്ചര്‍. വിഖ്യാത മോഹിനിയാട്ടം നര്‍ത്തകിയും പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റിയുമാണ് അവര്‍. ഭദ്രകാളിയായും ലക്ഷ്മിയായും സരസ്വതിയായും പരകായപ്രവേശം നടത്തുന്ന ഈ നര്‍ത്തകി, നടനകലയ്ക്ക് പുതുഭാഷ്യം ചമയ്ക്കുകയാണ്.

ശാക്തേയ ആചാരപ്രകാരവും, ആദിപരാശക്തിയായ ദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്‌കന്ദമാതാ, കാര്‍ത്യായനി, കാലരാത്രി ഭദ്രകാളി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഒന്‍പത് ഭാവങ്ങളെ ആണ് നവരാത്രിയില്‍ ഓരോ ദിനവും ആരാധിക്കുന്നത്. ദുര്‍ഗതിപ്രശമനിയും, ദുഖനാശിനിയുമായിട്ടാണ് ദുര്‍ഗ്ഗയെ കണക്കാക്കുന്നത്. നവദുര്‍ഗ്ഗ മോഹിനിയാട്ട സോപാനസംഗീത സമന്വയം വേദിയിലെത്തുമ്പോള്‍, മോഹിനിയാട്ടം മണിമേഘലയും, സോപാന സംഗീതം ഏലൂര്‍ ബിജുവും, വീണ ധര്‍മ്മതീര്‍ത്ഥനും ആണ് ചെയ്യുക. ദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങളെയും ഒന്‍പത് രൂപങ്ങളെയും കീര്‍ത്തിച്ചുകൊണ്ട് കോഴിക്കോട് തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്തെ കാര്‍ത്തിക ശിവപ്രസാദ് രചിച്ച നവദുര്‍ഗ്ഗ സ്തുതിയാണ് ഈ മോഹിനിയാട്ടത്തിനാധാരം. നൃത്താവിഷ്‌ക്കാരത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് മണിമേഖലയും കോട്ടക്കല്‍ രാജുമോഹന്‍ ആശാനും, സംഗീത സംവിധാനം ഏലൂര്‍ ബിജുവുമാണ് നിര്‍വഹിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *