കോഴിക്കോട്: കാലത്തിനൊപ്പം നീങ്ങുന്നവരല്ല കാലത്തെ തന്നോടൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ഥ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെന്നും അനാചാരങ്ങളെ തലവിധിയെന്നു കരുതി നിസ്സഹായനായിരിക്കുകയല്ല, എതിര്‍പ്പിന്റെ എവറസ്റ്റ് കയറി സമൂഹത്തില്‍ പ്രകാശം പരത്തുന്നവരാണ് യഥാര്‍ത്ഥ ഉല്‍പതിഷ്ണുക്കളെന്നും പ്രമുഖ സാഹിത്യകാരന്‍ ഡോ.ആര്‍സു പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജം സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനവും പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തില്‍ പുതിയ അനാചാരങ്ങള്‍ പെരുകുകയാണ്. ഡിജിറ്റല്‍ യുഗത്തില്‍ യഥാര്‍ഥ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ഡിലീറ്റ് ചെയ്യുന്നവരെയാണ് നാം കണ്ടെത്തുന്നത്. സഹജീവികളുടെ ദു:ഖ ദുരിതങ്ങള്‍ സമഗ്രതയില്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുകയാണ് അയ്യങ്കാളി ചെയ്തത് എന്നും ഉദ്ഘാടകന്‍ പറഞ്ഞു. ചടങ്ങില്‍ അയ്യപ്പസമാജം ജില്ലാ പ്രസിഡന്റ് ഡോ.ഒ.വാസവന്‍ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌ക്കാരം എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരിക്ക് സമര്‍പ്പിക്കുകയും രാമായണം മെഗാ ക്വിസ് മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സമ്മാനദാനവും നല്‍കുകയും ചെയ്തു. ബാബുരാജ് ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ടി.വി ശ്രീധരന്‍, സി.ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ സി.പി സുരേഷ് ബാബു സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീപത്മനാഭന്‍ നന്ദിയും പറഞ്ഞു.