കോഴിക്കോട്: ശിവസേനയുടേയും ഗണോത്സവ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗണേശോത്സവം 29 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 28ന് വിളംബര ഘോഷയാത്ര നടത്തി പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ ആചാര വിധിപ്രകാരം പ്രതിഷ്ഠ നടത്തുന്നതോടുകൂടി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിന് തുടക്കമാകും.
ഗണേശോത്സവത്തിന്റെ പ്രധാന ചടങ്ങായ വിഗ്രഹ നിമഞ്ജന ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് തളി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി തൊടിയില്‍ ശ്രീഭഗവതി ക്ഷേത്രത്തിന് മുന്‍വശം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൂജകള്‍ക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യുന്നതോടുകൂടി ഗണേശോത്സവത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഗണോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ഉണ്ണികൃഷ്ണമേനോന്‍, ജില്ലാ മുഖ്യകാര്യദര്‍ശി ഷാജി പണിക്കര്‍, ട്രസ്റ്റ് ട്രഷറര്‍ രാജേഷ്, ട്രസ്റ്റ് മെമ്പര്‍ പ്രസന്നന്‍, ശിവസേനാ എക്‌സിക്യൂട്ടീവ് മെമ്പര്‍ വിജുഭാരത് എന്നിവര്‍ പങ്കെടുത്തു.