കോഴിക്കോട്: വില്ലേജ് ഓഫിസര്‍മാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ നിര്‍ദേശം. തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് ആറിനാണ് ജില്ലാ പോലിസ് മേധാവിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്.
കൈവശവകാശ സര്‍ട്ടിഫിക്കറ്റുക്കളും ലൊക്കേഷന്‍ സ്‌കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്.ഇയുടെ വിവിധ ശാഖകളില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫിസര്‍മാര്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂര്‍, കട്ടിപ്പാറ വില്ലേജ് ഓഫിസര്‍മാരാണ് പരാതി നല്‍കിയത്. കെ.എസ്.എഫ്.ഇ മാനേജര്‍മാര്‍ക്ക് സംശയം തോന്നിയ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫിസര്‍മാരുടെ വിശദമായ പരിശോധനയില്‍ ഇവ വ്യാജമായി നിര്‍മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.