ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം പടിയിറങ്ങുന്നത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ ഗ്രൂപ്പ് 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എ.ഐ.സി.സി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി തന്നെയാണ്.