നാടുവിടാന്‍ കാരണം നഗരസഭയുടെ പ്രതികാര നടപടി; രാജ് കബീറിനേയും ഭാര്യയേയും നാട്ടിലെത്തിച്ചു

നാടുവിടാന്‍ കാരണം നഗരസഭയുടെ പ്രതികാര നടപടി; രാജ് കബീറിനേയും ഭാര്യയേയും നാട്ടിലെത്തിച്ചു

തലശ്ശേരി: താഴെ ചമ്പാട് സ്വദേശിയും തലശ്ശേരി കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റായ ഫാന്‍സി ഫണ്‍ ഉടമയുമായ രാജ് കബീറിനേയും ഭാര്യ ദിവ്യയേയും നാട്ടിലെത്തിച്ച് പോലിസ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ ഇവര്‍ കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ പോലിസിനു കഴിഞ്ഞിരുന്നു. ഇന്നു പുലര്‍ച്ചെ ആറോടെയാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിനെതിരേ തലശ്ശേരി നഗരസഭയുടെ പ്രതികാര നടപടിയില്‍ മനംനൊന്താണ് നാടുവിട്ടതെന്നാണ് രാജ് കബീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിനെതിരേ രാജ് കബീര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തുക ഗഡുക്കളാക്കി അടയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അനുകൂല വിധി നേടിയിട്ടും സ്ഥാപനം നഗരസഭ തുറന്നു നല്‍കിയില്ല. പലതവണ നഗരസഭ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ അനുകൂല നടപടിയുമുണ്ടായില്ല. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ്കബീറിന്റേതായ വാട്സാപ്പ് സന്ദേശം പ്രചരിച്ചിട്ടുണ്ടായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് രാജ് കബീറും ഭാര്യയും നാടുവിട്ടത്. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകനാണ ്‌രാജ്കബീര്‍. അതേസമയം തലശ്ശേരിയിലെ സംഭവം ഒറ്റപ്പെട്ടതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംഭവത്തില്‍ വ്യവസായിയുടെ പരാതി ലഭിച്ച ഉടന്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നെന്നും രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *