കോഴിക്കോട് ഇതുവരെ 100643 ഓണകിറ്റുകള്‍ വിതരണം ചെയ്തു

കോഴിക്കോട് ഇതുവരെ 100643 ഓണകിറ്റുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 100643 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും വൈകിട്ടുവരെ കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്. ആദ്യ ദിനമായ ചൊവ്വാഴ്ച 13,456 കിറ്റുകളായിരുന്നു വിതരണം ചെയ്തത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ചെറിയ രീതിയില്‍ സാങ്കേതിക തടസമുണ്ടായെങ്കിലും പിന്നീട് കിറ്റുവിതരണം സുഗമായി നടന്നു. ഈ ദിവസങ്ങളില്‍ കിറ്റ് ലഭിക്കാതിരുന്ന മഞ്ഞക്കാര്‍ഡുകാര്‍ക്ക് വരും ദിവസങ്ങളില്‍ കൈപറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ. രാജീവന്‍ പറഞ്ഞു. 38,425 മഞ്ഞക്കാര്‍ഡുകളാണ് ജില്ലയിലുള്ളത്.

കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് പരിധിയില്‍ 6,348 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 9013, കൊയിലാണ്ടി താലൂക്ക് 25,748, താമരശ്ശേരി താലൂക്ക് 11,566, വടകര താലൂക്ക് 24,663, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസ് 23,305 കിറ്റുകള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. സപ്ലൈകോ ഗോഡൗണുകളില്‍ ഇപ്പോഴും പാക്കിങ് തുടരുകയാണ്. രണ്ടു ലക്ഷത്തോളം കിറ്റുകള്‍ റേഷന്‍കടകളില്‍ വിതരണത്തിനെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എത്താതിരുന്ന ഉണങ്ങലരി, ഉപ്പ് എന്നിവ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 8,07,212 റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്.

3,12,550 പിങ്ക്, 2,17,486 നീല, 2,38,802 വെള്ള എന്നിങ്ങനെയാണ് ജില്ലയിലുള്ള കാര്‍ഡുടമകളുടെ എണ്ണം. പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള കിറ്റുവിതരണം 25ന് ആരംഭിച്ചു. ഇന്നും നാളെയും ഇവര്‍ക്ക് കിറ്റ് വാങ്ങാം. 29, 30, 31 തീയതികളില്‍ നീല കാര്‍ഡിനും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ള കാര്‍ഡിനുമാണ് വിതരണം. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്റ്റംബര്‍ 16ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി സ്പെഷ്യല്‍ റേഷന്‍ ആയി നല്‍കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *