കോഴിക്കോട്: ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് നഗരത്തില്‍ തുടക്കമായി. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഓണനാളുകളില്‍ ഒരുക്കിയിരിക്കുന്നത്.സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7.30ന് കോഴിക്കോട് ബീച്ചില്‍ ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 200 പേര്‍ക്കാണ് കൂട്ടയോട്ടം മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം ഫൂട്വോളി മത്സരം കോഴിക്കോട് ബീച്ചില്‍ നടക്കും. മൂന്നുപേര്‍ അടങ്ങുന്ന 10 ടീമുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.
സെപ്റ്റംബര്‍ ഒമ്പതിന് മാനാഞ്ചിറ മൈതാനത്തില്‍ കളരിപ്പയറ്റ്, വുഷു, കരാട്ടെ എന്നീ മത്സരങ്ങള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും. ഏഴുപേര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. 10ന് രാവിലെയും വൈകുന്നേരവുമായി മാനാഞ്ചിറ മൈതാനത്ത് വിവിധ മത്സരങ്ങള്‍ നടക്കും. പുതിയതും പഴയതുമായ അമ്പെയ്ത്ത് മത്സരം അന്നേദിവസത്തെ പ്രധാന ഇനമാണ്. അമ്പെയ്ത്തിന് എട്ട് പേരടങ്ങുന്ന രണ്ട് ടീമുകള്‍ക്കാണ് അവസരം. വൈകീട്ട് നാല് മണിക്ക് സ്‌കൂള്‍ കുട്ടികളുടെ ഏറോബിക് ഡാന്‍സ് എക്സര്‍സൈസ് സംഘടിപ്പിക്കും. 300 കുട്ടികള്‍ക്കാണ് ഇതിനുള്ള അവസരം ഉള്ളത്.
വൈകിട്ട് 4.30ന് വയോജനങ്ങള്‍ക്കായി മ്യൂസിക്കല്‍ ചെയര്‍ മത്സരം ഒരുക്കും. 200 പേര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരമുണ്ട്. സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കും അന്നേദിവസം മ്യൂസിക്കല്‍ ചെയര്‍ മത്സരം നടത്തും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് മാധ്യമങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലേഴ്സ്, അസോസിയേഷന്റെ ടീമുകള്‍ എന്നിവര്‍ക്കായി കമ്പവലി മത്സരം സംഘടിപ്പിക്കും. എട്ട് പേരടങ്ങുന്ന എട്ട് ടീമുകള്‍ക്കാണ് അവസരം. സ്പോട്ട് രജിസ്ട്രേഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് കായികയിനങ്ങളില്‍ പങ്കെടുക്കാം. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.