തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാര്‍ അറിയിച്ചുവെന്ന സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യര്‍ത്ഥിച്ചു. വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളികളുടെ സമരം പത്താം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി. ബീമാപള്ളി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ സമരപ്പന്തലിലെത്തുമെന്ന് ലത്തീന്‍സഭ അറിയിച്ചു .
മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇനി മുഖ്യമന്ത്രിയുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അതിരൂപത നിലപാടെടുത്തിരുന്നു. ഇതോടെയാണ് സമവായചര്‍ച്ച ധാരണയാകാതെ പിരിഞ്ഞത്.
തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കര മാര്‍ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ അദാനി പോര്‍ട്ടിന് അധിക സുരക്ഷ ഏര്‍പ്പെടുത്തി. സ്ഥലത്ത് കൂടുതല്‍ പോലിസിനെയും വിന്യസിച്ചു.