കോഴിക്കോട്: ഇംഗ്ലണ്ട് ആസ്ഥാനമായ എഫ്.എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റും ഡ്രീം ഹോപ്‌സും സംയുക്തമായി ദേവഗിരി ക്യാമ്പസില്‍ നടത്തിയ ഫുട്‌ബോള്‍ ട്രയല്‍സില്‍ മലപ്പുറം ഐക്കരപ്പടി സ്വദേശി എന്‍.പി അക്ബര്‍ സിദ്ദിഖിനെ മോറേ കാംപേ എഫ്.സി പരിശീശനത്തിന് തിരഞ്ഞെടുത്തതായി എഫ്.എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സി.ഇ.ഒ ആരിഫ് ബാര്‍ബറും മെഹ്‌റൂഫ് മണലൊടിയും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിശീലനവുമായി ബന്ധപ്പെട്ട് സംഘാടകരും അക്ബര്‍ സിദ്ദിഖും പരസ്പരം ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. പരിശീലന കാലത്തെ പ്രകടനം വിലയിരുത്തിയാകും ക്ലബില്‍ കളിക്കാന്‍ അവസരം നല്‍കുക. ആയിരത്തോളം അപേക്ഷകരില്‍ നിന്നും ദേവഗിരി ക്യാമ്പസില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ ട്രയല്‍സില്‍ നിന്നും 50 പേരെ സെലക്ഷന്‍ റൗണ്ടില്‍ എത്തിച്ചു. ഇതില്‍ നിന്നുമാണ് അക്ബര്‍ സിദ്ദിഖിനെ തിരഞെടുത്തത്.
ക്യാമ്പിലെ മികച്ച പെര്‍ഫോമറെ രണ്ട് മിനിറ്റ് കൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് ആരിഫ് ബാര്‍ബറെ പറഞ്ഞു. 50 പേരില്‍ മികച്ച കളിക്കാരുണ്ട്. ഇവര്‍ക്കും നാട്ടില്‍ പരിശീലനം നല്‍കാനുള്ള മാര്‍ഗ്ഗം തേടുന്നുണ്ടെന്നും അടുത്ത തവണ കേരള ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ച് ഇത്തരം കാര്യം ചെയ്യാമെന്നും മെഹ്‌റുഫ് മണലൊടി പറഞ്ഞു. ആറാം വയസില്‍ ഫുട്‌ബോള്‍ കളി തുടങ്ങിയ അക്ബര്‍ 22ാം വയസിനുള്ളില്‍ രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയായിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റുര്‍ട്ട് ഡി മോണ്ട് , ജീ ഫാന്‍ മുഹമ്മദ്, ഡേവിഡ് ഹോബ്‌സണ്‍, ഡാറൂണ്‍ ഫിങ്, ഹാഫി സുല്‍ റഹ്മാന്‍ , ഷാനൂന്‍ റോഷന്‍ എന്നിവരും സംസാരിച്ചു.