കോഴിക്കോട്: പ്ലസ് വണ്‍ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 18000ത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല. ജില്ലയിലെ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലയില്‍ ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ച 48,124 വിദ്യാര്‍ഥികളില്‍ ആകെയുള്ള 30,167 സീറ്റുകളിലേക്കും അഡ്മിഷന്‍ പൂര്‍ത്തിയായപ്പോള്‍ 17,957 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാതെ പഠനം നഷ്ട്ടമാകുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നത് മുതല്‍ തന്നെ ജില്ലയിലെ ഫ്രറ്റേണിറ്റി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും, രക്ഷിതാക്കളും വിദ്യാഭ്യാസ മേഖലയിലെ രൂക്ഷമായ പ്രതിസന്ധി അധികൃതരെ അറിയിച്ചിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകണം എന്ന ആവശ്യം ഉന്നയിച്ച് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളും ജില്ലയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. സുപ്രീം കോടതി ഉത്തരവ് വരെ ഉണ്ടായിട്ടും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാന്‍ സന്നദ്ധമായിട്ടില്ല.
എത്രയും പെട്ടെന്ന് ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാകാണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മന്ത്രിമാരെയടക്കം തെരുവുകളില്‍ വഴി തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ് സജീര്‍ ടി.സി, സെക്രട്ടറി ആയിഷ എന്നിവര്‍ സംസാരിച്ചു.