ജാര്‍ഖണ്ഡ്: ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിയമസഭാംഗത്വം റദ്ദാകുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. 2021ലാണ് റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ പേരില്‍ ജില്ലാ ഭരണകൂടം ലൈസന്‍സ് അനുവദിച്ചത്. അന്ന് ഖനന വകുപ്പിന്റെ ചുമതലയും ഹേമന്ത് സോറനായിരുന്നു. ഇതേ തുടര്‍ന്ന് സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. സോറനെതിരെ ബി.ജെ.പി പരാതി നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവര്‍ണര്‍ രമേഷ് ഭായിസ് അഭിപ്രായം തേടിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വന്തം പേരില്‍ ഖനന ലൈസന്‍സ് അനുവദിച്ചത് ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയോഗ്യനാക്കപ്പെടാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ മെയ് മാസത്തില്‍ കമ്മീഷന്‍ സോറനോട് ആവശ്യപ്പെട്ടിരുന്നു.