തലശ്ശേരി: തലായി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്നുപേരെയും കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഡേവിഡ്‌സണ്‍ (60), ഗോപാല പേട്ടയിലെ നിഷാന്ത് (48) ചാലില്‍ ചര്‍ച്ച് കോമ്പൗണ്ടിലെ ബാബു (55) എന്നിവരെയാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ഫിഷറീസ് ആന്റ് മറൈന്‍ എന്‍ഫോസ്‌മെന്റാണ് തലായില്‍ നിന്ന് 19 നോട്ടിക്കല്‍ മൈല്‍ അകലെ ധര്‍മ്മടത്തിനു സമീപമാണ് മൂവരേയും കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇവരെ തലശ്ശേരി തലായി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.
എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഇവര്‍ ഉള്‍ക്കടലില്‍ കുടുങ്ങി പോവുകയായിരുന്നെന്ന് ഫിഷറീസ് അസിസ്റ്റണ്ട് ഡയറക്ടര്‍ ആര്‍. ജുഗ്‌നു പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് എം.ടി ഹനീഫയുടെ ഫൈബര്‍ വള്ളവുമായി മൂന്നംഗ സംഘം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. മൂന്ന് ദിവസമായും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹനീഫ പരാതി നല്‍കുകയായിരുന്നു. നേവി ഹെലികോപ്റ്റര്‍, കോസ്റ്റ് ഗാര്‍ഡ് കപ്പല്‍, മറൈന്‍എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ്, എന്നിവര്‍ സംയുക്തമായി ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഒരു സംഘം മത്സ്യത്തൊഴിലാളികളും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു.