ന്യൂഡല്‍ഹി : എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍നല്‍കുന്ന വിധിക്കെതിരായ പുന:പരിശോധനാ ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വ രി, സി.ടി രവി കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.രണ്ടു കാര്യങ്ങളാണ് പരിശോധിക്കേണ്ടതെന്ന് ചീഫ് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹരജിക്കാര്‍ക്ക് കോടതി നോട്ടിസയച്ചു. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്) നല്‍കേണ്ടതില്ലെന്ന നിര്‍ദേശവും നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതനില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുന:പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്കിയ ഹരജിയിലാണ് നടപടി. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിക്ക് പരമാധികാരം നല്കുന്ന വിധി പ്രസ്താവിച്ചത്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ബെഞ്ചിന്റെ ഭാഗമായത്.അതേസമയം പുനഃപരിശോധനാ ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനഃപരിശോധന നടത്താവൂ എന്നാണ് തുഷാര്‍ മേത്തയുടെ വാദം.