രവി കൊമ്മേരി
ദുബായ്: ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുന്നതിനും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുമുള്ള ആരോഗ്യ ക്യാമ്പയിന്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചു. ഭക്ഷണ രീതികള്‍ ക്രമീകരിക്കുന്നതും അതിന്റെ ഗുണഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ സെഹി പരിപാടി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ആരംഭിച്ചത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, റസ്റ്ററന്റുകള്‍ എന്നിവയുള്‍പ്പെടെ ഔട്ട്ലെറ്റുകളില്‍ വില്‍ക്കുന്ന ആരോഗ്യകരമായ ഭക്ഷണ സാധനങ്ങളുടെ പാക്കേജിങ്ങില്‍ സെഹി ലോഗോ പതിക്കുകയും, ഭക്ഷണശീലം മെച്ചപ്പെടുത്താന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
തലസ്ഥാനത്തെ ഭക്ഷണശാലകളിലെ മെനുകളിലും അംഗീകാരത്തിന്റെ അടയാളം പതിക്കുന്നതാണ്. ആരോഗ്യ സേവനങ്ങളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതിനൊപ്പം കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആളുകളെ സഹായിക്കുന്നതിനും ജീവിതശൈലി ശീലങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കം. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറവുള്ളതും, നാരുകള്‍ കൂടുതലുള്ളതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമാണെന്നുള്ള തിരിച്ചറിവുണ്ടാക്കുകയും ഇതിന്റെ ഭാഗമാണ്.
ഗള്‍ഫ് മേഖലയിലെ പൊണ്ണത്തടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതായി അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. യുവാക്കള്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിലൂടെ ഭാവിയിലേക്കുള്ള പ്രശ്നങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് പഠനം കണ്ടെത്തി. യു.എ.ഇയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് പേരും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് ഗവേഷണം പറയുന്നു. ഈ തലമുറ വളരുമ്പോള്‍ ആ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.