നാദാപുരം: തൊഴിലുറപ്പ് പദ്ധതി ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തി സോക്ക് പിറ്റ് നിര്‍മിച്ച് ശാസ്ത്രീയമായി മലിനജലം സംസ്കരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പൈലറ്റ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആകെയുള്ള 460 വീടുകളില്‍ മലിനജലം പുറത്തേക്ക് ഒഴുകുന്ന വീടുകളെ കണ്ടെത്തുന്നതിന് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തും , സര്‍വേയിലൂടെ കണ്ടെത്തുന്ന വീട്ടുകാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി 10,000 രൂപ യൂണിറ്റ് ചെലവ് കണക്കാക്കി സോക്ക്പിറ്റ് നിര്‍മിച്ച് നല്‍കും. ഇതിനായി ഏകീകൃതമായ വായ്പ സംവിധാനവും ഒന്നിച്ച് സാധനസാമഗ്രികള്‍ വാങ്ങുന്നതിനും സൗകര്യം ഒരുക്കും.
പ്രാദേശികമായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുക. ഇതിനായി വിദഗ്ധ തൊഴില്‍ ചെയ്യുന്നതിന് വാര്‍ഡിലെ 10 സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതാണ്. സമ്പൂര്‍ണ ശുചിത്വ വാര്‍ഡാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ പി.കെ മുഹമ്മദ് , കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് വി.കമല , സി.ഡി.എസ് മെമ്പര്‍ ടി.പി റീജ എന്നിവര്‍ സംസാരിച്ചു. എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തനം വിജയിച്ചാല്‍ ഇതേ മാതൃകയില്‍ മറ്റുള്ള വാര്‍ഡിലും പദ്ധതി വിജയിപ്പിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 300 തൊഴിലാളികളുള്ള വാര്‍ഡാണ് എട്ടാം വാര്‍ഡ്.