ചാലക്കര പുരുഷു
തലശ്ശേരി: ഷാന്‍ എന്ന ചെറുപ്പക്കാരന്റെ ഇന്ത്യയെ അറിയാനുള്ള യാത്ര കേവലം ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള ഉല്ലാസയാത്രയല്ല. മറിച്ച് ഭാരതത്തിന്റെ കലയും, സംസ്‌കാരവും, ഭാഷാവൈവിധ്യങ്ങളും ഒഴുകുന്ന ഹൃദയധമനികളിലൂടെയു ള്ള അന്വേഷണാത്മക സഞ്ചാരമാണ്. കാടും മേടും കാട്ടാറുകളും മാമലകളും , ഭാവമാറ്റമുള്‍ക്കൊള്ളുന്ന, പ്രകൃതിയുമെല്ലാം, ജ്ഞാന ശേഖരത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ തേടിയുള്ള ദുര്‍ഘടമായ യാത്രാ വഴികളിലെ കുളിരുള്ള അനുഭൂതികള്‍ മാത്രം. യാത്രയിലുടനീളമുള്ള തന്റെ വ്യതിരിക്തമായ അനുഭവങ്ങള്‍ ‘ബിഗ് ബോയ് അഡ്വഞ്ചറര്‍ ‘ എന്ന യുട്യൂബിലൂടെ ലോകത്തോട് പങ്കിടുകയാണ് ഈ യുവ സഞ്ചാരി .
ഭാരതത്തിന്റെ മുക്കും മുലയും അരിച്ചുപെറുക്കി, അവധൂത്രനെപ്പോലുള്ള ഒരു യാത്ര, കല്ലാമല എന്ന കുഗ്രാമത്തിലെ ‘ദര്‍ശന ‘യില്‍ എം.ഷാനിന്റെ കുഞ്ഞുനാളിലേയുള്ള മോഹമായിരുന്നു.
ബുദ്ധന്റേയും, വര്‍ദ്ധമാന മഹാവീരന്റേയും, ടാഗോറിന്റേയും, അക്ബറിന്റേയും, ഗാന്ധിജിയുടേയും ഈ ‘ മഹാരാജ്യത്തിന്റെ വൈവിദ്ധ്യവും, വൈരുദ്ധ്യവും തൊട്ടറിയാനാണ് വിദേശ കോര്‍പ്പറേറ്റ് കമ്പനിയിലെ കനത്ത ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ച് ഈ ചെറുപ്പക്കാരനെ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകവും പുരാണേതിഹാസങ്ങളുമെല്ലാം ഷാനിലെ ചരിത്രാന്വേഷകന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകേറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് കൊച്ചിയില്‍ നിന്നുമാരംഭിച്ച ആ യാത്ര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഉത്തരേന്ത്യയിലേക്ക് കടന്ന് ഹിമാലയന്‍ സംസ്ഥാനങ്ങളിലൂടെ കടന്നു പോവുകയാണ്.
അതിനിടെ ആഗസ്ത് 15ന് ദില്ലിയിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ സംബന്ധിക്കാനും അവസരം ലഭിച്ചിരുന്നു. ഇന്ത്യയുടെ നീളവും വീതിയുമുള്ള യാത്രയില്‍ ഇരുപതിനായിരത്തിലേറെ കിലോമീറ്ററുകള്‍ ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. സംസ്‌കാരവും ഭാഷയും ഉത്സവങ്ങളുമെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും, നാമെല്ലാമൊന്നാണെന്ന ഭാരതീയരുടെ ചിന്തയാണ് ഇപ്പോഴും നമുക്ക് പ്രതീക്ഷയേകുന്നതെന്ന് ഷില്ലോംഗില്‍ നിന്ന് ഷാന്‍ പറയുന്നു. യാത്രാന്ത്യം സിങ്കപ്പൂരിലായിരിക്കുമെന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ ബഷീറിന്റെ മകനായ ഈ യുവ സഞ്ചാരി പറയുന്നു.