പ്രൗഢി വീണ്ടെടുത്ത് ഫറോക്കിലെ പഴയ ഇരുമ്പുപാലം; 27ന് തുറന്നുകൊടുക്കും

പ്രൗഢി വീണ്ടെടുത്ത് ഫറോക്കിലെ പഴയ ഇരുമ്പുപാലം; 27ന് തുറന്നുകൊടുക്കും

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പുപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട പാലം 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും. കമാനങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി പാലം തുറക്കുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമാകും. പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ കവാടത്തില്‍ പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനാണ് ഇരു കവാടത്തിലും കരുത്തുറ്റ സുരക്ഷാകമാനം. വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകള്‍ പുതുക്കി പണിതിട്ടുണ്ട്. തുരുമ്പെടുത്ത കമാനങ്ങളിലും കാലുകളിലും അറ്റകുറ്റപ്പണി നടത്തി. പാലത്തിന്റെ ഇരുവശത്തുമായി പൂട്ടുകട്ട പാകിയ നടപ്പാത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം ജൂണ്‍ 27നാണ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. നിലവിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം പാലത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്. പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം 1883 ലാണ് നിര്‍മ്മിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയായ പാലം 2005 ലാണ് പുനര്‍നിര്‍മിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *