മക്ക: കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പരിഷ്‌കരിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങളില്‍ നിന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന നിര്‍ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കെ.എന്‍.എം. വൈസ് പ്രസിഡന്റുമായ ഡോ.ഹുസൈന്‍ മടവൂര്‍. ഉംറ തീര്‍ഥാടനത്തിന്നായി മക്കയിലെത്തിയതായിരുന്നു അദ്ദേഹം. കരട് രേഖയില്‍ നിന്ന് ഒഴിവാക്കേണ്ട നിരവധി വിഷയങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. മൂല്യ ബോധം നിരുത്സാഹപ്പെടുത്തല്‍, ഭാഷാ പഠനം ഇല്ലാതാക്കല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, വിവിധ വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകള്‍ നിര്‍ത്തലാക്കല്‍, സ്‌കൂള്‍ സമയമാറ്റം തുടങ്ങിയ ഇരുപതോളം നിര്‍ദേശങ്ങള്‍ ഇപ്പോഴും കരട് രേഖയിലുണ്ട്. അവയും പിന്‍വലിച്ചേ മതിയാവൂ.
ധാര്‍മികതയില്ലാത്ത വിദ്യാഭ്യാസം സാമൂഹിക തിന്മയാണെന്ന ഗാന്ധിജിയുടെ നിരീക്ഷണം നാം മുഖവിലക്കെടുക്കണം. കോത്താരി കമ്മിഷന്‍ ഉള്‍പ്പെടെ പല വിദഗ്ധ സമിതികളും വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് ഭരണഘടനയുടെ താല്‍പര്യവും കൂടിയാണ്. റഷ്യ, ചൈന, അമേരിക്ക, കാനഡ തുടങ്ങിയ പ്രദേശങ്ങളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ആശയങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം പരിഷ്‌കരണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.