ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിച്ചേക്കും. സി.പി.എം നേതാവ് സുഭാഷിണി അലി, ലോക്‌സഭാംഗം മഹുവ മൊയിത്ര, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലും അപര്‍ണ ഭട്ടും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
ഇത് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അംഗീകരിച്ചു. 2008-ല്‍ കേസിലെ പ്രതികള്‍ക്ക് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുംബൈ ഹൈക്കോടതിയും ഈ വിധി ശരി വച്ചിരുന്നു. ഈ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ മോചിപ്പിച്ചതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. പതിനാല് പേരെ കൊല്ലുകയും ഗര്‍ഭിണിയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പതിനൊന്ന് പ്രതികളെയാണ് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം
എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ലാണ് ശിക്ഷ ഇളവ് നല്‍കിയത് എന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് ഹരജി കണ്ടശേഷം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.