ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ ബി.ജെ.പി അഞ്ചുകോടിക്ക് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ശ്രമിച്ചെന്ന് ആംആദ്മി പാര്‍ട്ടി. ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി -സി.ബി.ഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി ആംആദ്മി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി ഭരണം കൈക്കലാക്കാന്‍ എം.എല്‍.എമാര്‍ക്ക് അഞ്ചുകോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ ഈ ശ്രമത്തെ തന്ത്രപരമായി തടഞ്ഞുവെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ.പി ശ്രമം നടത്തുകയാണ്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കള്‍ ആരൊക്കെയാണെന്ന് ശരിയായസമയത്ത് വെളിപ്പെടുത്തുമെന്നും അത് എപ്പോള്‍ വേണമെന്ന് ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.