തിരുവനന്തപുരം: മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. മരുന്ന് ആവശ്യകതയും വിതരണവും ഉറപ്പാക്കാന്‍ സംഘടിപ്പിച്ച പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ (KMSCL) ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തണം. പ്രത്യേകമായുള്ള സോഫ്റ്റ്‌വെയറിലൂടെ മരുന്നുകളുടെ റിയല്‍ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിന് ജീവനക്കാരെ സജ്ജമാക്കണം. ഇതിലൂടെ ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് ലഭ്യമാക്കാനും സാധിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യത നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിങ് സംവിധാനമുണ്ടാകും. മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.