കണ്ണൂര്‍: കണ്ണൂരില്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. 35 വാര്‍ഡുകളില്‍ 21 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. 14 സീറ്റുകളില്‍ യു.ഡി.എഫ് വിജയം നേടി. ബി.ജെ.പിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. നിലവില്‍ മട്ടന്നൂരില്‍ എല്‍.ഡി.എഫിന് 28 സീറ്റുകള്കളും യു.ഡി.എഫിന് ഏഴ് സീറ്റുകളുമായിരുന്നു. ഇത്തവണ യു.ഡി.എഫ് ഏഴ് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് ഏഴ് സീറ്റ് നഷ്ടമായി.
25 സീറ്റുകള്‍ സി.പി.എം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍.ഡി.എഫ് 21ല്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണ സി.പി.എമ്മിന് 25 ഉം സി.പി.ഐക്കും ഐ.എന്‍.എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. നിലവിലെ നഗരസഭകൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.