തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും സമരക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരു സംഘം കടല്‍ മാര്‍ഗവും നിര്‍മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ചെറിയതുറ, സെന്റ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാര്‍ഗം തുറമുഖം ഉപരോധിക്കുന്നത്. പ്രദേശം വളഞ്ഞ സമരക്കാര്‍ കരയില്‍ നിന്നും കടലില്‍ നിന്നും സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി. സമരത്തിന് പിന്തുണ അറിയിച്ച് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിയിട്ടുണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണം പഠിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. പാര്‍പ്പിട നഷ്ടത്തിന് നഷ്ടപരിഹാരത്തിലുള്‍പ്പെടെ രേഖാമൂലം ഉറപ്പു ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.