വിഴിഞ്ഞം തുറമുഖം: സര്‍ക്കാരിനെതിരേ കോഴിക്കോടും ലത്തീന്‍ കൂട്ടായ്മ: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍

വിഴിഞ്ഞം തുറമുഖം: സര്‍ക്കാരിനെതിരേ കോഴിക്കോടും ലത്തീന്‍ കൂട്ടായ്മ: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: തീരദേശ ജനതയോടുള്ള നീതി നിഷേധത്തിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപത നടത്തുന്ന അനശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കലക്ടറേറ്റില്‍ കോഴിക്കോട് രൂപതയുടെ പ്രതിഷേധ കൂട്ടായ്മ നടത്തി. കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് തീരദേശ ജനതയ്ക്ക് ഉള്ളത്. ഈ ആശങ്ക സര്‍ക്കാര്‍ മാറ്റണം. ദുരിതത്തിലായ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്ത് അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. അടിസ്ഥാനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിവിധ രീതിയിലുള്ള സമരരീതികള്‍ ഏറ്റെടുത്തിട്ടും സര്‍ക്കാര്‍ പരിഹാരം കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തീരദേശത്തെയും ജനതയെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
കലക്ടറേറ്റിനു മുന്നില്‍ നടന്ന കൂട്ടായ്മയില്‍ കോഴിക്കോട് രൂപത വികാര്‍ ജനറല്‍ ഫാ.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു, തുടര്‍ന്ന് അദ്ദേഹം പ്രമേയവും അവതരിപ്പിച്ചു. തിരുവനന്തപുരം അതിരൂപതയിലെ ഫാ.സുജന്‍ അമൃതം ആമുഖ പ്രഭാഷണം നടത്തി, വിഴിഞ്ഞം തുറമുഖം വികസനമല്ല വിനാശമാണെന്നും പഠന റിപോര്‍ട്ടുകള്‍ പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ വലിയ പ്രകൃതി ദുരന്തം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.എല്‍.സി.എ രൂപത പ്രസിഡന്റ് ജോസഫ് പ്ലേറ്റോ, കെ.സി.വൈ.എം രൂപത പ്രസിഡന്റ് ഡൊമിനിക്ക് സോളമന്‍ , സി.എല്‍.സി പ്രതിനിധി ആല്‍ബര്‍ട്ട് ആന്റണി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *