രാജ്യത്തെ പ്രതിസന്ധികള്‍ ചര്‍ച്ചയാക്കാതെ വൈകാരിക മുതലെടുപ്പിന് അധികാരികള്‍ ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്

ഫറോക്: രാജ്യം വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുകയാണെന്നും അതില്‍ നിന്ന് ജനശ്രദ്ധ വൈകാരികതയിലേക്ക് തിരിച്ചു വിടുകയാണ് അധികാരികളെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഫറോക്ക് ഖാദിസിയ്യയില്‍ നടക്കുന്ന എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനായി വെറുപ്പ് വിതക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കല്‍ കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് ചുവട് വച്ചുകൊണ്ടിരിക്കുകയാണ്. ചെറുതരം വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി രാജ്യം തീറെഴുതി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. മതങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം, എല്ലാ മത വിശ്വാസികളും പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ജനാധിപത്യപൂര്‍ണ്ണമായ രാജ്യമായി മാറാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കവി വീരാന്‍ കുട്ടി മുഖ്യാതിഥിയായി. സി.കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. ഉമ്മര്‍ പാണ്ടികശാല, എന്‍.സി റസാഖ്, സുരേഷ്, അന്‍വര്‍ അലി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി. അബൂബക്കര്‍, മുഹമ്മദ് ഇയ്യാട് സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സലീം അണ്ടോണ പങ്കെടുത്തു. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. എം.എസ് മുഹമ്മദ് സ്വാഗതവും ജില്ലാ സെക്രട്ടറി വാഹിദ് സഖാഫി മുക്കം നന്ദിയും പറഞ്ഞു.

Share