ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകം: വരാപ്പുഴ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകം: വരാപ്പുഴ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കൊച്ചി: വികസന പ്രവര്‍ത്തനങ്ങളോട് എന്നും അനുകൂലമായി പ്രതികരിച്ചിട്ടുള്ള ജനവിഭാഗമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍, എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒഴിഞ്ഞുമാറിയവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ അധികാരികള്‍ പിന്നാക്കം പോയിരിക്കുകയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. തിരുവനന്തപുരത്തെ തീരസംരക്ഷണ സമരവും, മൂലമ്പള്ളി പുനരധിവാസവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അജണ്ടയാക്കിയ വരാപ്പുഴ അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നും ആശങ്കയോടുകൂടി മാത്രമേ നോക്കിക്കാണാനാകൂ. പറഞ്ഞു കേള്‍ക്കുന്ന പുതിയ പദ്ധതികളായ മറൈന്‍ ഡ്രൈവ് വികസനം ഉള്‍പ്പെടെയുള്ളവ ജനങ്ങളുടെ പൂര്‍ണ്ണ വിശ്വാസ്യത നേടിയിട്ട് മാത്രം വേണം മുന്നോട്ടു പോകാന്‍ എന്ന പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പൂര്‍ണമായും അത് നടപ്പിലാക്കാന്‍ സാധിക്കാത്തത് ഭരണകൂടം ഗൗരവമായി കാണണം. പാക്കേജ് സംബന്ധിച്ച് തങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക ഭാഷ്യം. വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പുനരധിവാസം കാക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ റിട്ട. ഹൈക്കോടതി ജഡ്ജി നേതൃത്വം നല്‍കുന്ന നിജസ്ഥിതി പഠന കമ്മീഷനെ ആര്‍ച്ച് ബിഷപ്പ് നിയോഗിച്ചു.

വല്ലാര്‍പാടം തീര്‍ഥാടനം, സഭാ നവീകരണ പ്രവര്‍ത്തനങ്ങള്‍, മൂലമ്പിള്ളി പുനരധിവാസം- നിജസ്ഥിതി, തിരുവനന്തപുരത്തെ തീരസംരക്ഷണ സമരവും ഇതര തീര വിഷയങ്ങളും, കൊച്ചി സര്‍വകലാശാലയിലെ എല്‍.എം പൈലി ചെയര്‍, എം.ജി യൂണിവേഴ്‌സിറ്റി സ്വകാര്യ ഏയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി കോട്ട പ്രവേശന സംവരണം, പ്രകൃതി ദുരന്തങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പാസ്റ്റര്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

വികാര്‍ ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, സെക്രട്ടറിമാരായ ഫാ. ഡഗ്‌ള്‌സ് പിന്‍ഹീറോ, മേരിക്കുട്ടി ജെയിംസ്, ജോസഫ് ജൂഡ്, ഫാ. സ്റ്റാന്‍ലി മാതിരപ്പള്ളി, ഫാ. ഫ്രാന്‍സിസ് താന്നിക്കപറമ്പില്‍, ഫാ. ആന്റണി വാലുമ്മല്‍, ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ഫാ. യേശുദാസ് പഴമ്പള്ളി, ഡോ എം.സി സാബു എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *