സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം 22 മുതല്‍ ഫറോക്കില്‍

സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം 22 മുതല്‍ ഫറോക്കില്‍

കോഴിക്കോട്: സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം 22 മുതല്‍ 24 വരെ ഫറോക്കില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പതാക, കൊടിമരം, ബാനര്‍, ദീപശിഖ എന്നിവ വഹിക്കുന്ന ജാഥകള്‍ 22ന് വൈകീട്ട് അഞ്ച് മണിക്ക് നല്ലൂര്‍ കോരുജി നഗറില്‍ സംഗമിക്കും. പതാക ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും 22ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടും. എ.ഐടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസര്‍ ജാഥാ ലീഡറും എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി സി.സുന്ദരന്‍ ഉപലീഡറുമായിരിക്കും. ഇ.കെ വിജയന്‍ എം.എല്‍.എ പതാക ഏല്‍പ്പിക്കും. ബാനര്‍ ജാഥ 22ന് 10 മണിക്ക് മുക്കം ആനയാംകുന്ന് രക്തസാക്ഷി സ്മാരകത്തില്‍നിന്ന് മഹിളാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുറപ്പെടും. മഹിളാസംഘം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട് ജാഥാ ലീഡറും ജില്ലാ ജോ.സെക്രട്ടറി ആശ ശശാങ്കന്‍ ഉപലീഡറുമായിരിക്കും.

സി.പി.ഐ ജില്ലാ എക്‌സി. അംഗം പി.കെ കണ്ണന്‍ ബാനര്‍ ഏല്‍പ്പിക്കും. കൊടിമര ജാഥ 22ന് ഉച്ചക്ക് മൂന്ന് മണിക്ക് ഫറോക്ക് കരുവന്തിരുത്തിയിലെ വലിയാട്ടില്‍ സുരേന്ദ്രന്റെ സ്മൃതി കുടീരത്തില്‍ നിന്നും കര്‍ഷക തൊഴിലാളികളുടെ നേതൃത്വത്തില്‍ കൊണ്ടുവരും. കിസാന്‍സഭ ജില്ലാസെക്രട്ടറി ടി.കെ രാജന്‍ മാസ്റ്റര്‍ ജാഥാ ലീഡറും ബി.കെ.എം.യു ജില്ലാ സെക്രട്ടറി ടി.സുരേഷ് ഉപലീഡറുമായിരിക്കും. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം.നാരായണന്‍ മാസ്റ്റര്‍ കൊടിമരം ഏല്‍പ്പിക്കും. ദീപശിഖാ ജാഥ 22ന് ഉച്ചക്ക് രണ്ടുമണിക്ക് കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പുറപ്പെടും. യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ റിലേയായി കൊണ്ടുവരും.

എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ജാഥാ ലീഡറും എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി ബിദര്‍ശിത്ത് ഉപലീഡറുമായിരിക്കും. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ശശി ദീപശിഖ ഏല്‍പ്പിക്കും. 22ന് വൈകീട്ട് അഞ്ചിന് പതാക-കൊടിമര-ദീപശിഖ ജാഥകള്‍ സംഗമിക്കും. പതാക സി.പി.ഐ ജില്ലാസെക്രട്ടറി ടി.വി ബാലനും കൊടിമരം സ്വാഗതസംഘം ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖനും ബാനര്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം നരിക്കുനി ബാബുരാജും ദീപശിഖ ജില്ലാ എക്‌സി. അംഗം അഡ്വ.പി.ഗവാസും ഏറ്റുവാങ്ങും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയില്‍ സി.പി.ഐ ജില്ല എക്‌സി. അംഗം കെ.ജി പങ്കജാക്ഷന്‍ പതാക ഉയര്‍ത്തും. വൈകീട്ട് 5.30ന് കോരുജി നഗറില്‍ (മുനിസിപ്പല്‍ മൈതാനം, നല്ലൂര്‍) സി.പി.ഐ ദേശീയ എക്‌സി. അംഗം സി. മഹേന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.വി ബാലന്‍ അധ്യക്ഷത വഹിക്കും. സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, സി.എന്‍ ചന്ദ്രന്‍, പി.വസന്തം, സി.പി മുരളി എന്നിവര്‍ സംസാരിക്കും. രാത്രി എട്ടുമണിക്ക് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം നല്ലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും.

23ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം കല്ലമ്പാറ ഐ.വി ശശാങ്കന്‍ നഗറില്‍ (ആംബിയന്‍സ് ഓഡിറ്റോറിയം, കല്ലമ്പാറ) പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നിന്നായി 200 പ്രതിനിധികള്‍ പങ്കെടുക്കും. 24ന് വൈകുന്നേരം സമ്മേളനം സമാപിക്കും. സി.പി.ഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ അവസാനം വിജയവാഡയിലും സംസ്ഥാന സമ്മേളനം ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്തുമാണ് നടക്കുന്നത്. അതിനു മുന്നോടിയായാണ് ജില്ലാസമ്മേളനം ഫറോക്കില്‍ നടക്കുന്നത്. മൂന്നാമത്തെ തവണയാണ് പാര്‍ട്ടിയുടെ ജില്ലാസമ്മേളനത്തിന് ഫറോക്ക് വേദിയാകുന്നത്. 1987ലും 2002ലുമാണ് മുമ്പ് ജില്ലാ സമ്മേളനം ഫറോക്കില്‍ നടന്നത്. വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ ജില്ലാസെക്രട്ടറി ടി.വി ബാലന്‍, അസി.സെക്രട്ടറിമാരായ എം. നാരായണന്‍ മാസ്റ്റര്‍, ടി.കെ രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *