മുക്കം: മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇ ഹെല്‍ത്ത് പദ്ധതി ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മാതൃകയാകുന്ന വിധത്തില്‍ ആരോഗ്യ സേവനവും, ആരോഗ്യ അവബോധവും ജനങ്ങളില്‍ എത്തിക്കുന്ന നൂതന സംരംഭമാണ് ഇ ഹെല്‍ത്ത് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ ഹെല്‍ത്ത് കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. ജനങ്ങളുടെ ആരോഗ്യ സംബന്ധമായ അടിസ്ഥാന വിവരങ്ങള്‍ പദ്ധതിയിലൂടെ ശേഖരിക്കും. വീട്ടില്‍ ഇരുന്നു തന്നെ ഒ.പി ചീട്ട് എടുത്ത് ചികിത്സയ്ക്ക് എത്താമെന്ന സവിശേഷതയും പദ്ധതിക്കുണ്ട്. ഇ ഹെല്‍ത്തുമായി ബന്ധിപ്പിച്ച എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യ ഐഡി കാര്‍ഡ് വച്ച് രോഗിയുടെ വിവരങ്ങള്‍ ലഭിക്കും.
നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍മാന്‍ കെ.പി. ചാന്ദ്‌നി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കുഞ്ഞന്‍, പ്രജിത പ്രദീപ്, റുബീന കെ.കെ, കൗണ്‍സിലര്‍മാരായ അശ്വതി സനൂജ്, അബ്ദുള്‍ ഗഫൂര്‍ കല്ലുരുട്ടി, എ.കെ.ഉണ്ണികൃഷണന്‍, ടാര്‍സന്‍ ജോസഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. പ്രമോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു.