കോഴിക്കോട്: അച്ഛന്റെ ആഗ്രഹം എന്നെ ഡോക്ടറാക്കാനായിരുന്നുവെങ്കിലും ഞാന്‍ സഞ്ചരിച്ചത് ചരിത്രത്തിന്റെ വഴികളിലൂടെയായിരുന്നു. അതിലൂടെ എനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് അഭിമാനം തോന്നുന്നുണ്ടെന്ന് ഡോ.എം.ജി.എസ് നാരായണന്‍ പറഞ്ഞു.ചരിത്രത്തെ ഒരു പഴഞ്ചന്‍ വിഷയമായി കരുതി സര്‍വകലാശാല കോഴ്‌സുകളില്‍നിന്ന് ഒഴിവാക്കുന്നത് ഒട്ടും ഉചിതമല്ല. രാജ്യത്തിന്റെ ഇന്നലെകളെ കുറിച്ചുള്ള ഓര്‍മകള്‍ മാഞ്ഞുപോയാല്‍ രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും നിലനില്‍ക്കില്ല.
ജവഹര്‍ലാല്‍ നെഹ്രു ഉള്‍ക്കാഴ്ചയുള്ള ചരിത്രകാരനായിരുന്നു. അദ്ദേഹത്തെ ഇന്ന് ചരിത്രത്തില്‍നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ഒരിക്കലും ഉചിതമല്ല. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അന്നത്തെ യുവാക്കള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. രാജ്യത്തിന് വലിയ വളര്‍ച്ചയുണ്ടാകും, സമത്വം നിലവില്‍ വരും, ദാരിദ്ര്യം അകലും. എന്നാല്‍ പിന്നീട് സംഭവിച്ചത് നിരാശാജനകമായിരുന്നു. നമ്മുടെ നയങ്ങളില്‍ പല മാറ്റങ്ങളും ആവശ്യമാണ്. ചരിത്രത്തെ ഓര്‍മയില്‍നിന്ന് തേച്ച്മായ്ക്കാന്‍ ശ്രമിക്കുന്നത് വളരെയധികം ആപത്ത് വിളിച്ചുവരുത്തും. ഇന്നും എനിക്ക് ചരിത്രത്തില്‍ അഭിരുചിയുണ്ട്. പുതിയകാലത്തെ പുസ്തകങ്ങള്‍ വായിക്കേണ്ടത് അനിവാര്യമാണ്. ചരിത്ര രചനക്ക് കൂടുതല്‍ അധ്വാനവും സമര്‍പ്പണ മനോഭാവവും ആവശ്യമാണ്.
ഒരിക്കല്‍ ഇംഗ്ലണ്ടില്‍ വിസിറ്റിങ് ഫെലോ ആയിരിക്കെ അവിടുത്തെ ഒരു വനിത യോഗത്തില്‍ ശ്രീരാമനെ അധിക്ഷേപിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തി. അതു വലിയ ഒച്ചപ്പാടുണ്ടാക്കി. ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ എന്നെ പിന്തുണച്ചു. പിറ്റേ ദിവസം ഒരു അടിയന്തിര യോഗം വിളിച്ച് ആ വനിത ഇന്ത്യയെ കളങ്കപ്പെടുത്തുന്ന ആ പരാമര്‍ശം പിന്‍വലിച്ചു. ഇത് എന്റെ സാംസ്‌കാരിക ബോധത്തിന്റേയും ദേശീയ ബോധത്തിന്റേയും തെളിവായി ഞാന്‍ ഓര്‍ക്കാറുണ്ട്. നവതി ആഘോഷിക്കുന്ന ഡോ.എം.ജി.എസ് നാരായണനെ അദ്ദേഹം പേട്രണായ ഗ്ലോബല്‍ പീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ആര്‍സു അധ്യക്ഷത വഹിച്ചു. നിര്‍ഭയമായ മനസും ഉന്നതമായ ശിരസ്സുമുള്ള മഹനീയ വ്യക്തിത്വമാണ് ഡോ. എം.ജി.എസ് നാരായണനെന്ന് ഡോ.ആര്‍സു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പത്മശ്രീ കെ.കെ മുഹമ്മദ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വോ, ഡോ.ഗോപാലന്‍കുട്ടി, ഡോ.പി.കെ സ്വര്‍ണകുമാരി, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്ട്, ഡോ.ഒലിവര്‍ നൂണ്‍ ,മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ് ജോര്‍ജ് , ആറ്റക്കോയ പള്ളിക്കണ്ടി, പി.വി.എസ് പടിക്കല്‍, ജോയ്പ്രസാദ് പുളിക്കല്‍, കര്‍മ ബഷീര്‍, എം.പി മാലതി ആശംസകള്‍ നേര്‍ന്നു. ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും അഷവെംഗ് പാടത്തൊടി നന്ദിയും പറഞ്ഞു.