കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. സമീപത്തെ ജില്ലകളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പ്രാവര്‍ത്തികമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ്, നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം തുടങ്ങിയ വിവിധ വികസന പദ്ധതികളാണ് ആശുപത്രിയില്‍ നടപ്പിലാക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കിയാണ് മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ് സജ്ജീകരിച്ചത്. ആശുപത്രിയില്‍ നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം ആരംഭിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും ഇതിലൂടെ ഭാവിയില്‍ സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗിനും ഉപരിപഠനത്തിനും സാധിക്കും.

സര്‍ക്കാര്‍ ഇടപെടലിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിഞ്ഞുകിടന്ന 68 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ 52 എണ്ണം പ്രോവിഷണല്‍ പ്രമോഷന്‍ നടത്തി നികത്താനും സാധിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് അവയവദാനത്തിന് മാത്രമായിട്ടുള്ള പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം തുടങ്ങാന്‍ പോകുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി അനുമതി ലഭിച്ച നവജാത ശിശു വിഭാഗം, മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ് എന്നിവയുടെ ഉദ്ഘാടനവും, മെഡിക്കല്‍ കോളേജിലെയും ഇംഹാന്‍സിലെ വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിക്കുന്ന ഹോസ്റ്റലുകളുടെ പ്രവൃത്തി ഉദ്ഘാടനവും ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന ‘ഉന്നത മാതൃത്വ സംരക്ഷണം’ ലക്ഷ്യ ഗുണനിലവാര പരിശോധനയില്‍ കോഴിക്കോട് മാത്യ-ശിശുസംരക്ഷണ കേന്ദ്രത്തിന് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

ജനിതക വൈകല്യത്താലുളള കാന്‍സര്‍, ശിശു രോഗങ്ങള്‍ എന്നിവയുടെ നിര്‍ണ്ണയത്തിന് ആവശ്യമായ നൂതനമായ മോളിക്കുലാര്‍ ടെസ്റ്റുകള്‍, അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അനിവാര്യമായ എച്ച്.എല്‍.എ ടൈപ്പിംഗ് എന്നിവക്കായി ആറ് കോടി രൂപ ചെലവഴിച്ചാണ് മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ് സ്ഥാപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി 14 കോടി രൂപ ചെലവിലും ഇംഹാന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് കോടി രൂപ ചെലവിലുമാണ് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നത്.

ഗര്‍ഭിണികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യമന്ത്രാലയവും നാഷണല്‍ ഹെല്‍ത്ത് മിഷനും നടപ്പാക്കുന്ന പദ്ധതിയാണ് ‘ലക്ഷ്യ’. ഇതിന്റെ പരിശോധനയുടെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ
മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ലേബര്‍ റൂമില്‍ നടപ്പിലാക്കി. ലേബര്‍ റൂമിലെയും തിയേറ്ററിലെയും നിലവിലുണ്ടായിരുന്ന ഭൗതിക സൗകര്യങ്ങള്‍ ലക്ഷ്യയുടെ മാര്‍നിര്‍ദേശ പ്രകാരം മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഇതിലൂടെ ഗര്‍ഭിണികള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്താനും രോഗി പരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിച്ചു. ലേബര്‍ റൂമില്‍ അഡ്മിറ്റാകുന്ന സമയം മുതല്‍ പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റുന്നതുവരെ ഗര്‍ഭിണിക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുന്നതിനും മാനസികവും ശാരീരികവുമായ പരിചരണം നല്‍കുനതിനുമായി ബന്ധുവായ ഒരു സ്ത്രീയെ ലേബര്‍ റൂമില്‍ ഗര്‍ഭിണിയോടൊപ്പം നില്‍ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡോ. ബീന ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായി. എളമരം കരീം എംപി മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.സി.എച്ച് സൂപ്രണ്ട് എം.പി ശ്രീജയന്‍, ഐസിഡി സൂപ്രണ്ട് ഡോ. കെ.പി സൂരജ്, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ. പി വിജയന്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍, ഡി.എം.ഇ തോമസ് മാത്യൂ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എ നവീന്‍, ഡോ. കെ അരവിന്ദന്‍, വിവിധ വകുപ്പ് മേധാവികളായ ഡോ. എന്‍.കെ സുപ്രിയ, ഡോ. വി.ടി അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ഇ.വി ഗോപി സ്വാഗതവും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *