കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറെ പോലെ; അവസാന മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും: രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറെ പോലെ; അവസാന മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും: രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറെ പോലെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പദവിക്ക് യോജിച്ച പോലെയല്ല. നടപടികള്‍ ലജ്ജാകരമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയില്ല. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി.സി നിയമനം നല്‍കാന്‍ തയ്യാറായത്. ഇത് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

താന്‍ ചാന്‍സലറായി നില്‍ക്കുന്ന കാലത്തോളം ചുമതല കൃത്യമായി നിറവേറ്റും. സര്‍ക്കാരിന്റെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല. ബന്ധുനിയമനം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ അവസാന മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും. ഭരിക്കുന്ന പാര്‍ട്ടിയുടെ ബന്ധു നിയമനങ്ങള്‍ പ്രത്യേകം പരിശോധിക്കും. മറ്റ് സര്‍വകലാശാലകളിലെ നിയമനങ്ങളും പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

വി.സി നിയമന പ്രശ്നത്തിലും ഗവര്‍ണര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. തന്റെ അധികാരപരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുത്. തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ സര്‍വകലാശാലകളില്‍ നിയമിക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് പിന്നില്‍ ബന്ധുനിയമന ലക്ഷ്യം തന്നെയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍വകലാശാലയിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് പാനല്‍ നിയമനം നിയമപരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *