കോഴിക്കോട്: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ അറസ്റ്റില്‍. സ്വര്‍ണക്കടത്തിനിടെ കരിപ്പൂരില്‍ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പ കൂടുതല്‍ പേരെ സ്വര്‍ണ്ണ കടത്തിനു സഹായിച്ചെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം കണക്കില്‍പ്പെടുത്താതെ പുറത്തെത്തിച്ച്, കൈക്കൂലി വാങ്ങി കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ദുബായിയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശികളായ കെ.എച്ച്. അബ്ദുല്‍ നസീര്‍ (46), കെ.ജെ ജംഷീര്‍ (20) എന്നിവര്‍ കടത്തി കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണമാണ് ഒരു പരിശോധനയും കൂടാതെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. ലഗേജ് എക്‌സറേ ഇമേജ് വച്ചു പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു പിടിയിലായതിന്റെ തലേ ദിവസം ഇയാള്‍ക്ക്.
പരിശോധിക്കാത്തതിനെക്കുറിച്ച് ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കിയില്ല. തുടര്‍ന്ന് പുറത്തുവച്ച് പോലിസ് പിടികൂടുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം കടത്തിയതിന് പിടിയിലായത്. ഇയാളുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍നിന്നും വിദേശ കറന്‍സിയും ആഡംബര വസ്തുക്കളും കണ്ടെത്തി. ഇതിനുപുറമേ ഇയാളില്‍ നിന്നും നാലു പാസ്‌പോര്‍ട്ടുകളും അഞ്ചുലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഇതിനു മുമ്പും ഇയാള്‍ കൈക്കൂലി വാങ്ങി സമാന രീതിയില്‍ സ്വര്‍ണക്കടത്തുക്കാരെ സഹായിച്ചിട്ടുണ്ടെന്ന തെളിവ് പോലിസിന് ലഭിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമ പ്രകാരം സി.ബി.ഐ ആണ് ഈ കേസ് അന്വേഷിക്കുക. സൂപ്രണ്ട് പി.മുനിയപ്പയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്