കൊച്ചി: പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ കേസുള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്‌നയുടെ ഹരജി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.
മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പോലിസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വപ്നയ്ക്ക് എതിരേ കേസെടുത്തത്.
കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് തനിക്കെതിരേയുള്ള കേസുകളെന്ന് സ്വപ്ന ഹരജിയില്‍ ആരോപിച്ചു. പി.സി ജോര്‍ജും കേസില്‍ പ്രതിയാണ്. കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.