രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസ്: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസ്: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റ ഓഫിസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ്.ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എം.പി ഓഫിസിലെ ചുവരില്‍ തൂക്കിയിട്ടിരുന്ന ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന് എസ്.പി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. എം.പി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്. മാര്‍ച്ചില്‍ എം.പി ഓഫിസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. കേസില്‍ 29 എസ്.എഫ്.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ക്ക് ജൂലൈ ആറിന് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. പോലിസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *