പട്ന: ബീഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പട്ന ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചു. പുതിയ സഖ്യം തട്ടിപ്പെന്ന് പ്രഖ്യാപിക്കണമെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ തീരുമാനത്തിനെതിരാണ് പുതിയ സഖ്യമെന്നും കാട്ടിയാണ് ഹരജി. ഗവര്‍ണര്‍, നീതിഷ് കുമാര്‍, ആര്.ജെ.ഡി എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിയാണ് പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ജെ.ഡി.യു, ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാണ് മഹാസഖ്യവുമായി ചേര്‍ന്ന പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. കഴിഞ്ഞ ദിവസമാണ് മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിമാരെ നിശ്ചയിച്ചത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയയും തേജസ്വിയുടെ സഹോദരന് തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.