കോഴിക്കോട്: ലോക ഫോട്ടോഗ്രഫി ദിനാഘോഷവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്റ്റ് (COA) വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച ദേശീയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സിബി വെള്ളരിക്കുണ്ട് (കാസര്‍കോട്), രണ്ടാം സമ്മാനം മെല്‍ട്ടന്‍ ആന്റണി(കൊച്ചി), മൂന്നാം സമ്മാനം ശ്രീജിത്ത് നെല്ലായിയും (കാസര്‍കോട്) പ്രോത്സഹാന സമ്മാനത്തിന് ബഷീര്‍ എടേരി (മലപ്പുറം), എയ്ഞ്ചല്‍.എം.ബേബി (ഇടുക്കി), സാബു എലംപാല്‍(കൊല്ലം), ദിനേശ് ഇന്‍സൈറ്റ്(കാസര്‍കോട്), അഭിജിത്ത് രവി(മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു. ഇരുപതിനായിരം, പതിനായിരം അയ്യായിരം എന്നിങ്ങനെയാണ് അവാര്‍ഡ് തുക.
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ഫോട്ടോഗ്രാഫര്‍ ടി.പി സൂരജും അര്‍ഹനായി. മത്സരത്തില്‍ 259 എന്‍ട്രികളാണ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ലഭിച്ചു. ‘മഴ കഥ പറയുമ്പോള്‍’ എന്നതായിരുന്നു വിഷയം. മുന്‍ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ, പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോഹനന്‍ കിഴക്കുംപുറം, ജോണ്‍സ് മാത്യു എന്നിവരായിരുന്നു ജൂറി കമ്മിറ്റി. സെപ്റ്റംബര്‍ 19, 20, 21 തിയതികളില്‍ അക്കാദമിക് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടക്കും,അതോടനുബന്ധിച്ച് അവാര്‍ഡ് ദാനവും നടക്കും. പ്രസിഡന്റ് ബബിലേഷ് പെപ്പര്‍ലൈറ്റ്, ജനറല്‍ സെക്രട്ടറി വിജിന്‍ വാവാസ്, രക്ഷാധികാരി ത്രിപുരദാസ് കെ.വി, എക്‌സിക്യൂട്ടീവംഗങ്ങളായ ബവിഷ്, അഖില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.