കൊച്ചി: ഫ്ളാറ്റുകളില്‍ സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പോലിസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു. ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. കാക്കനാട് യുവാവിനെ കൊന്ന ശേഷം ചാക്കിലാക്കി ഫ്ളാറ്റില്‍ ഒളിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പോലിസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്. പോലിസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കും. സി.സി.ടി.വികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പുവരുത്തണം. അസ്വഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാതിരുന്നാല്‍ അവരെ കൂട്ടുപ്രതിയാക്കി കേസെടുക്കും. ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഇതിന്റെ നടപടികള്‍ക്കായുള്ള രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.