പാലക്കാട്: പാലക്കാട്ടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പോലിസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പോലിസിന്റെ പുതിയ വെളിപ്പെടുത്തല്‍. നേരത്തെ വ്യക്തിവിരോധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ചതന്നൊണ് പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമാണെന്നാണ് പോലിസിന്റെ ഭാഷ്യം. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സി.പി.എം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്.പി നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍.അതേസമയം താന്‍ സി.പി.എമ്മുകാരനാണെന്ന് ആവര്‍ത്തിച്ച് കേസിലെ പ്രതികളിലൊരാളായ അനീഷ്. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇന്നലെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ സി.പി.എമ്മുകാരന്‍ തന്നെയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ എല്ലാവരും കമ്മ്യൂണിസ്റ്റകാരാണെന്നു ഷാജഹാന്‍ കൊലക്കേസ് ഒന്നാം പ്രതി നവീനും പ്രതികരിച്ചു.