പാലക്കാട്: സി.പി.എം പ്രവര്‍ത്തകന്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ കൂടി പിടിയില്‍. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ കുന്നംകാട് ജങ്ഷനിലെത്തിച്ച് ഇന്നലെ തെളിവെടുത്തിരുന്നു. ഷാജഹാനെ വെട്ടിയ സ്ഥലമടക്കം സംഘം പോലിസിന് കാണിച്ചുകൊടുത്തു.
ആയുധം സൂക്ഷിച്ച സുജീഷിന്റെ വീട്, കൊലക്ക് ശേഷം ആയുധം ഒളിപ്പിച്ച കുനിപ്പുള്ളി പാലം, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴവയിലെ കവ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച മൂന്ന് വാളുകള്‍ മലമ്പുഴ കുനിപുള്ളി വിളയില്‍പൊറ്റയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പോലിസ് കണ്ടെത്തി.
2019 മുതല്‍ പ്രതികള്‍ക്ക് ഷാജഹാനുമായി തര്‍ക്കങ്ങളുണ്ട്. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതോടെ തര്‍ക്കവും അകല്‍ച്ചയും കൂടി. പ്രതികള്‍ പിന്നീട് സി.പി.എമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. കൂടാതെ പ്രതികള്‍ രാഖി ധരിക്കുന്നതിലടക്കം ഷാജഹാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പ്രതികള്‍ തിരികെ വന്ന് വാളുകളുമായെത്തി ഷാജഹാനെ വെട്ടുകയായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.