കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന് പോലിസ്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ച് ആലുവാ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതി ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിന്റെ സുഹൃത്തായ വ്യാസന്‍ ഇടവണക്കാട് ഉള്‍പ്പെടെ ആറ് പേര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ 35 പേജുള്ള റിപ്പോര്‍ട്ടാണ് പോലിസ് സമര്‍പ്പിച്ചത്. 10 വര്‍ഷം മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണൂര്‍ സ്വദേശിയായ യുവതി പോലിസില്‍ പരാതി നല്‍കിയത്. എളമക്കര സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. പരാതിക്കാരി നല്‍കിയിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. പേരും വയസ്സുമെല്ലാം വ്യാജമാണെന്ന് റിപ്പോട്ടില്‍ പറയുന്നു. 48 വയസാണെന്നാണ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 58 വയസാണെന്ന് വ്യക്തമായിട്ടുണ്ട്. പരാതി നല്‍കിയ യുവതി മറ്റൊരു കേസില്‍ അന്വേഷണം നേരിടുന്നയാളാണ്. ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരി നല്‍കിയ മേല്‍ വിലാസം വ്യാജമാണ്. കോടതിയില്‍ നിന്ന് അയച്ച സമന്‍സും ഇതുവരെ കൈപറ്റിയിട്ടില്ല. പരാതിക്കാരി ഇപ്പോള്‍ ഒളിവിലാണെന്നാണ് അറിയുന്നത്.