ധന്‍ഫിന്‍ സമൂഹവിവാഹം 24ന് തൃശൂരില്‍

ധന്‍ഫിന്‍ സമൂഹവിവാഹം 24ന് തൃശൂരില്‍

കോഴിക്കോട്: ആദിധനലക്ഷ്മി ഫൗണ്ടേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി 24ന് ശ്രീ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ 25 പേരുടെ വിവാഹമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുവാന്‍ 45000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ പന്തലില്‍ ‘ധന്‍ഫിന്‍-മാംഗല്യം’ ഒരുക്കുമെന്ന് നോര്‍ത്ത് കേരള സെയില്‍സ് ഹെഡ് സുധീര്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിന്റെ ഭാഗമായി 22ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് മേളത്തിന്റേയും അശ്വരഥത്തിന്റേയും അമ്പതോളം ഇരുചക്ര വാഹനങ്ങളുടേയും അകമ്പടിയോടെ ശ്രീ വടക്കുംനാഥനെ വലംവച്ചുകൊണ്ട് ഈ സമൂഹവിവാഹത്തിന്റെ വിളംബരം അറിയിക്കും.
24ന് 10 മണിക്ക് ശ്രീം വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നിന്നും ധനലക്ഷ്മിയുടെ ടാബ്‌ളോയും അതിന് അകമ്പടിയായി അമ്പതോളം പേരുടെ പഞ്ചവാദ്യവും നാദസ്വരവും ദേവനൃത്തവും പള്ളിവാള്‍ നൃത്തവും ചെണ്ട് കാവടിയും നിശ്ചല ദൃശ്യങ്ങളും പുലിക്കളിയുടേയും അകമ്പടിയോടെ ശ്രീ വടക്കുംനാഥനെ വലംവച്ചുകൊണ്ട് ഈ ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കും.

മംഗള കര്‍മത്തിന്‍ന്റെ അധ്യക്ഷപദം അലങ്കരിക്കുന്നത് മേയര്‍ എം.കെ വര്‍ഗ്ഗീസും ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥുമാണ്. തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഹരിത.വി.കുമാര്‍, എ.ഡി.എം റെജി പി.ജോസഫ്, ഗണേശോത്സവ ട്രസ്റ്റ് ചെയര്‍മാന്‍ എം.എസ് ഭുവനചന്ദ്രന്‍, ഭാഗവത ആചാര്യന്‍ പള്ളിക്കല്‍ സുനില്‍, കൗണ്‍സിലര്‍ തൃശൂര്‍ തേക്കിന്‍കാട് ഡിവിഷന്‍ പൂര്‍ണിമ സുരേഷ്, സി.എം.ഡി കല്യാണ്‍ സില്‍ക്‌സ് ടി.എസ് പട്ടാഭിരാമന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. താലിയും താലിമാലയും വിവാഹമോതിരവും വിവാഹവസ്ത്രവും ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളും അതോടൊപ്പം തന്നെ ഹണിമൂണ്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവാഹസദ്യയും ഒരുക്കുന്നുണ്ട്. ചടങ്ങിന് ഗാന നാദ വിസ്മയം തീര്‍ക്കുന്നത് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം സന്നിധാനന്ദനും സംഘവുമാണ്.

ഈ മംഗളകര്‍മം നടത്തുന്നതിനാവശ്യമായ സാമ്പത്തിക ചെലവുകള്‍ മുഴുവനും വഹിക്കുന്നത് ധനലക്ഷ്മി മാനേജ്‌മെന്റാണ്. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കേരളത്തിലുടനീളം അമ്പത്തിയഞ്ചോളം ബ്രാഞ്ചുകളുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഈ 55 ബ്രാഞ്ചുകളെ ഒമ്പത് ക്ലസ്റ്ററുകളാക്കി തിരിച്ച് ഒമ്പത് ഹോട്ടലുകളിലായി മൂവായിരത്തോളം ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കസ്റ്റമര്‍ മീറ്റും മാനേജ്‌മെന്റ് സംഘടിപ്പിക്കും. അന്നേ ദിവസം അധ്യാപക ദിനമായതിനാല്‍ മുന്നൂറോളം അധ്യാപകരെ ചടങ്ങില്‍ ആദരിക്കും.

ഇതോടൊപ്പം തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആയിരത്തിയഞ്ഞൂറോളം കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകളും നല്‍കും. കസ്റ്റമര്‍ മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓണപലഹാരങ്ങളും നല്‍കും. ഡിസംബര്‍ 30നകം മാനേജ്‌മെന്റിന്റെ സ്വന്തം നിക്ഷേപത്തില്‍ നിന്നും മരത്താക്കര ബൈപ്പാസില്‍ 24500 സ്‌ക്വയര്‍ ഫീറ്റില്‍ പണി പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് ഓഫിസിന്റെ ഉദ്ഘാടനവും മാനേജ്‌മെന്റിന്റെ മറ്റൊരു സ്വപ്‌നതുല്യ പദ്ധതിയായ ആദിധനലക്ഷ്മി ഫൗണ്ടേഷന്റെ കീഴില്‍ ഓള്‍ഡേജ് ഹോമിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും. 2023 മാര്‍ച്ച് മാസത്തോടു കൂടി ധനലക്ഷ്മിയുടെ ശാഖകള്‍ കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ഏരിയാ മേനേജര്‍ സുനില്‍ കുമാര്‍, കോഴിക്കോട് മാനേജര്‍ മധുസൂദനന്‍.എം എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *