വാരിയേഴ്സ് മാടായി 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

വാരിയേഴ്സ് മാടായി 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

പഴയങ്ങാടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം വാരിയേഴ്സ് മാടായി വിപുലമായി ആഘോഷിച്ചു. രാവിലെ 8 മണിയോടെ ക്ലബ്ബിന്റെ ആസ്ഥാനത്തു പ്രസിഡന്റ് ഡോക്ടര്‍. മുനീബ് മുഹമ്മദലി പതാക ഉയര്‍ത്തി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ”എന്റെ ഇന്ത്യ എന്റെ മാതാവ് ” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പൊതു സദസ് സംഘടിപ്പിച്ചു. സ്വതന്ത്ര്യദിനത്തിന്റെ മഹത്വത്തെ പറ്റിയും രാജ്യസ്‌നേഹം വളര്‍ത്തി കൊണ്ടുവരുന്നതിലും സദസ്സ് ചര്‍ച്ച ചെയ്തു. പൊതുപരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മാടായി ഉദ്ഘടനം ചെയ്തു.

രാജ്യത്തിന് വേണ്ടി പോരാടി വീര മൃത്യു വരിച്ച സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. നെഹ്റു കൊണ്ടുവന്ന പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുകയും ജനാധിപത്യ മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നാണ് ഈ പുരോഗതികള്‍ ഇന്ത്യ നേടിയതെന്നും ഉന്നതമായ ഭരണഘടന നീതിയില്‍ അധിഷ്ഠിതമായ കോടതികള്‍ രാജ്യ വികസനത്തിനു ആവശ്യമായ ചര്‍ച്ചകള്‍ക്ക് വേദിയായ പാര്‍ലമെന്റുകള്‍, സംതൃപ്തമായ സംസ്ഥാനങ്ങള്‍, നല്ല അയല്‍പക്ക ബന്ധം, ഉയര്‍ന്ന ചിന്തയുള്ള മികച്ച ഭരണാധികാരികള്‍ രാജ്യത്തെ മുന്നോട്ടു കുതിക്കാന്‍ സഹായിച്ചു. മഹാത്മജി, നെഹ്റു, ആസാദ്, അംബേദ്കര്‍, സരോജിനി നായിഡു, വല്ലഭായി പട്ടേല്‍, അലി സഹോദരര്‍ തുടങ്ങി അനേകര്‍ രാജ്യത്തിന് ദിശാ ബോധം നല്‍കിയെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അസഹിഷ്ണുക്കളായ ഭരണാധികാരികള്‍ രാജ്യപുരോഗതിയെയും മൂല്യങ്ങളെയും തല കീഴായി മറിച്ചിടുന്നുവെന്നും മതത്തിന്റെ ജാതിയുടെ ഭാഷയുടെ ഭക്ഷണത്തിന്റെ പേരില്‍ കലഹത്തിനു കോപ്പ് കൂട്ടുവാനും ഭീതി പടര്‍ത്തുവാനും ഈ പിറന്നാളില്‍ രാജ്യത്തെ തുറിച്ചു നോക്കുന്ന വിപത്തുകള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പുതിയങ്ങാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ.മുനാഷ് മുഹമ്മദലി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ദേശീയപതാകയോടും ദേശീയ ചിഹ്നങ്ങളെയും കൊഞ്ഞനം കുത്തിയവര്‍ അതിനെ ആദരിക്കാന്‍ ഓടിനടക്കുന്ന കാഴ്ച പുതുമയുള്ളതാണെന്നും തെറ്റു തിരുത്താന്‍ ഇത് സഹായകമായെങ്കില്‍ നല്ലത് തന്നെയെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അഡ്വ.മുനാഷ് മുഹമ്മദലി പറഞ്ഞു.
പ്രസിഡണ്ട് ഡോ.മുനീബ് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസിഫ് എം.എം സ്വാഗതവും അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മുഹമ്മദ് മാടായി, ദില്‍ഷാദ്, നസീഫ്, റാസിഖ് ഇര്‍ഫാന്‍ അഷ്റഫ്, സൈഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *