മാഹി: ഇന്ത്യ 500 സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന് മാഹി മെഡിക്കല്‍ & ഡയഗ്‌നോസ്റ്റിക് സെന്ററിനെ തെരഞ്ഞെടുത്തതായി ഇന്ത്യ 500 സ്റ്റാര്‍ട്ടപ് അവാര്‍ഡ് കമ്മറ്റി അറിയിച്ചു. ഇന്ത്യയില്‍ പുതുതായി തുടങ്ങിയതും വികസ്വരവുമായ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം നല്‍കാനാണ് ഇന്ത്യ 500 സ്റ്റാര്‍ട്ടപ്പ് വിഭാഗം ആരംഭിച്ചത്. മുംബൈ ആസ്ഥാനമായുള്ള റിസര്‍ച്ച് ഗ്രൂപ്പായ ബെഞ്ച്മാര്‍ക്ക് ട്രസ്റ്റും അതിന്റെ നോളജ് & ഓഡിറ്റ് പാര്‍ട്ണറും ആയ ടി.ക്യു.വിയും ഉള്‍പ്പെടുന്ന ഒരു മുന്‍നിര പരിശോധന സ്ഥിരീകരണ ടെസ്റ്റിങ് സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഡിസംബറില്‍ മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 70 വയസ് കഴിഞ്ഞ മാഹി മേഖലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് എം.എം.സിയില്‍ റസിഡന്റ് ഡോക്ടറുടെ സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ക്ക് ലാബ് പരിശോധനയിലും മരുന്നുകള്‍ക്കും നിരക്കിളവ് ഉണ്ടായിരിക്കുമെന്നും എം.എം.സി ചെയര്‍മാന്‍ മന്‍സൂര്‍ പള്ളൂര്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ എം.എം.സി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നഫീസ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സോമന്‍ പന്തക്കല്‍, ഓപ്പറേഷന്‍ മാനേജര്‍ മുനീര്‍ എന്നിവരും പങ്കെടുത്തു.