തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരും സ്വാതന്ത്ര്യത്തെ അംഗീകരിക്കില്ല എന്ന് പറഞ്ഞവരും ദേശീയ പതാകയ്ക്ക് പകരം കരിങ്കൊടി ഉയര്‍ത്തിയവരും ദേശീയ പതാകയെ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞവരും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്ലെങ്കിലും പതാക ഏന്താന്‍ തയാറായത് സ്വാഗതാര്‍ഹമെന്ന് എം.എം.ഹസ്സന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പേട്ട രാജേന്ദ്ര മൈതാനത്തോടു ചേര്‍ന്നുള്ള ഗാന്ധി പ്രതിമക്കു മുന്നില്‍ നടന്ന ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും കേന്ദ്ര ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സംസ്ഥാന ഗവണ്‍മെന്റും സി.പി.എമ്മും ഇപ്പോള്‍ കാണിക്കുന്ന ദേശഭക്തിയും ഭരണഘടനയോടും പതാകയോടും കാണിക്കുന്ന ആദരവും സ്ഥിരതയുള്ളതാകണം. സ്ഥിരമായി ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗവണ്‍മെന്റുകളും ഇപ്പോള്‍ കാണിക്കുന്ന ഈ ദേശ സ്‌നേഹം താല്‍കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാകരുത് എന്നും എം.എം.ഹസ്സന്‍ പറഞ്ഞു.
കഴിഞ്ഞ 75 വര്‍ഷവും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും വികാര തീവ്രതയോടെ ആഘോഷിച്ചിട്ടുള്ള കോണ്‍ഗ്രസും സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാണ്. അതുകൊണ്ട് തന്നെ ഈ പതാകയ്ക്ക് ജീവനേക്കാള്‍ വിലകല്‍പ്പിച്ച് ഓരോ കോണ്‍ഗ്രസുകാരനും ദേശസ്‌നേഹികളും ജീവന്‍ നല്‍കിയും പതാകയും ഭരണഘടനയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് എക്‌സ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ 75 പ്രമുഖ വ്യക്തികള്‍ ഗാന്ധിതൊപ്പിയണിഞ്ഞ് 75 നിലവിളക്കുകള്‍ കത്തിച്ച് ദേശീയ പതാകകളേന്തി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ ചൊല്ലികൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി. സദാശിവന്‍ പൂവത്തൂരിന്റെ നേത്യത്വത്തിലുള്ള ദേശഭക്തി കവിതയേടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് പഞ്ചാപകേശന്‍, കെ.പി.സി.സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്‍, വി.എസ് ശിവകുമാര്‍, പേട്ട സെന്റ് ആന്റ്‌സ് ചര്‍ച്ച് സഹ വികാരി രജിത് രാജന്‍, പേട്ട മുസ്ലീം പള്ളി ഇമാം സുലൈമാന്‍ ഉസ്താദ്, ഗാന്ധി സ്മാരകനിധി സെക്രട്ടറി ഗോപാലകൃഷ്ണന്‍, ഡി.അനില്‍കുമാര്‍, ഡോ.എം.ആര്‍ തമ്പാന്‍, മണ്‍വിള രാധാകൃഷ്ണന്‍, സുദര്‍ശനന്‍ കാര്‍ത്തിക പറമ്പില്‍, പി.കെ.വേണുഗോപാല്‍, ഷിഹാബുദിന്‍ കാരിയത്ത്, അഡ്വ.ആനയറ ഷാജി, അഡ്വ. എ.സ്.കെ അശോക് കുമാര്‍, എന്‍.എസ്.എസ് കരയോഗം സെക്രട്ടറി ഗീരിഷ്‌കുമാര്‍, എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി ജി.സന്തോഷ്, ആര്‍.ലക്ഷ്മി, പി.പത്മകുമാര്‍ ഡി.സി.സി ഭാരവാഹികളായ ലെഡ്ഗാര്‍ ബാവ, കടകംപള്ളി ഹരിദാസ്, ആര്‍.ഹരികുമാര്‍, സി.ജയചന്ദ്രന്‍, കൊഞ്ചിറവിള വിനോദ്, ജി.ലീന, കടകംപള്ളി വിജയകുമാര്‍, കെ.ഗോപാലകൃഷ്ണന്‍, പേട്ട വിജയകുമാര്‍, അഭിനിദ്രന്ദ്രനാഥ്, രാമചന്ദ്രന്‍, മധൂസുദനന്‍ നായര്‍, പാല്‍ക്കുളങ്ങര സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.