കോഴിക്കോട്: ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരേ, ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തേയുള്ള രോഗ നിര്‍ണയവും ലക്ഷ്യംവച്ചുകൊണ്ട് രൂപകല്‍പന ചെയ്ത ജീവതാളം പദ്ധതിയുടെ ഉദ്ഘാടനം 19ന് വൈകീട്ട് മൂന്ന് മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദനും ഡി.എം.ഒ ഡോ.ഉമ്മര്‍ ഫാറൂഖും വാര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജീവതാളം പദ്ധതി ഉദ്ഘാടനവും ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രഖ്യാപനവും നിര്‍വഹിക്കും. ആര്‍.പി.എച്ച് ലാബ് ശിലാസ്ഥാപനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥികളായി സംബന്ധിക്കും. പദ്ധതി വിശദീകരണം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ( ആരോഗ്യം) ഡോ.ഉമ്മര്‍ ഫാറൂഖ്.വി നടത്തും. എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിക്കും.
എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ സ്വാഗതവും ഡോ.ഷാജി.സി.കെ നന്ദിയും പറയും. 19ന് രാവിലെ 9.30ന് കാക്കൂര്‍, കുരുവട്ടൂര്‍, തുറയൂര്‍, ചൂലൂര്‍, വേളം, വെളിയഞ്ചേരിപ്പാടം, അര്‍ബന്‍ ഫാമിലി ഹെല്‍ത്ത്‌സെന്റര്‍ എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റേയും ഒളവണ്ണ സാമൂഹികാരോഗ്യ കുടുംബ കേന്ദ്രത്തിനെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. ആരോഗ്യമേള പുരസ്‌കാര വിതരണം, കുട്ടിഡോക്ടര്‍ കിറ്റു വിതരണം, മാനാഞ്ചിറയില്‍ ആരോഗ്യവകുപ്പിന്റെ സ്ഥലത്ത് 6.19 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ആര്‍.വി.എച്ച് ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാവനവും ഇതോടൊപ്പം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ എന്നിവരും സംബന്ധിച്ചു.