മാഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ സ്വാതന്ത്ര്യദിനത്തിനും റിപബ്ലിക്ക് ദിനത്തിനും സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തി സമൂഹത്തിന് മാതൃകയായ ജയിംസ് സി. ജോസഫിനെ സബര്‍മതി ഇന്നോവേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആദരിച്ചു.
സബര്‍മതി ഇന്നോവേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍വച്ചായിരുന്നു ആദരിക്കല്‍. സബര്‍മതി ഇന്നോവേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ രക്ഷാധികാരിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഇ വല്‍സരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ജയിംസ് സി. ജോസഫിനെ പൊന്നാടയണിയിച്ചു.
75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലം മുതല്‍ സ്വാതന്ത്ര്യദിനത്തിലും റിപബ്ലിക്ക് ദിനത്തിലും സ്വന്തം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് ഇദ്ദേഹം. മാഹി ഗവ. ഹൈസ്‌കൂള്‍ ഫ്രഞ്ച് ഹൈസ്‌കൂള്‍ മലയാളം അധ്യാപകനായ ഇദ്ദേഹം സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് പോകാറുള്ളത് വീട്ടില്‍ പതാക ഉയര്‍ത്തിയ ശേഷമാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഒരു സ്വാതന്ത്ര്യദിനത്തിന് ന്യൂ മാഹി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.രാമോട്ടി കംമ്പോണ്ടറുടെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത് കണ്ടപ്പോള്‍ ഇത് വീടുകളില്‍ ഉയര്‍ത്താമോ എന്ന് രാമോട്ടി കംമ്പോണ്ടറോട് ചോദിച്ചു. തീര്‍ച്ചയായും ഉയര്‍ത്താം അടുത്ത സ്വാതന്ത്ര്യദിനം മുതല്‍ നീയും വീട്ടില്‍ ഉയര്‍ത്തണമെന്ന കംമ്പോണ്ടറുടെ നിര്‍ദേശം ഏറ്റെടുത്ത വിദ്യാര്‍ത്ഥിയായ ജയിംസ് അദ്ധ്യാപകനായിട്ടും ആ പതിവ് മുടക്കിയില്ല. ഗാന്ധിയനും കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നേതാവുമായ പിതാവ് പരേതനായ സി. ജോസഫ് ആണ് മകന് തലശ്ശേരി ഖാദി സ്റ്റോറില്‍ നിന്ന് ആദ്യ പതാക വാങ്ങി കൊടുത്തത്.
ആറ് വര്‍ഷം മുന്‍പ് മരണപ്പെടുന്നത് വരെ പതാക ഉയര്‍ത്താന്‍ മകനൊപ്പം പിതാവും ഉണ്ടായിരുന്നു. താന്‍ വീട്ടില്‍ പതാക ഉയര്‍ത്തുന്നത് കണ്ട് പിന്നീട് പലരും വീടുകളില്‍ പതാക ഉയര്‍ത്തുന്നതില്‍ അഭിമാനമുണ്ടെന്ന് ജയിംസ് മാഷ് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജയിംസ് മാഷ് മാഹി കോളജ് യൂണിയന്‍ ചെയര്‍മാനും മാഹി മേഖല കെ.എ സ്.യു പ്രസിഡന്റുമായിരുന്നു. ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനത്തിനൊപ്പം മാഹിയിലെ അധ്യാപക സംഘടനയായ ഗവ. ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തിലും ഉണ്ട്.