കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ വിറ്റ് ശമ്പളം നല്‍കൂ, എന്നിട്ട് ചര്‍ച്ചക്ക് വിളിക്കൂ: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ വിറ്റ് ശമ്പളം നല്‍കൂ, എന്നിട്ട് ചര്‍ച്ചക്ക് വിളിക്കൂ: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവിതരണം വൈകുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി. അതിനായി കെ.എസ്.ആര്‍.ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഹരജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

തൊഴിലാളി യൂണിയനുകളുമായി തൊഴില്‍-ഗതാഗതമന്ത്രിമാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. എട്ട് മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. നാളെ വീണ്ടും ചര്‍ച്ച നടക്കും.

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ജൂലൈ മാസത്തെ ശമ്പളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമര്‍ശനം.

Share

Leave a Reply

Your email address will not be published. Required fields are marked *