മാമ്പഴ വിപണിയിലെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍ വടകരയിലെ ആയിരം വീട്ടു പറമ്പുകളില്‍ ഇടം തേടുന്നതായി വാര്‍ത്ത. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വടകര നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വിസ്മൃതിയിലാണ്ട് പോകുന്ന നാടന്‍ മാവുകളെ കണ്ടെത്താനും സംരക്ഷിക്കാനും സംസ്ഥാനവ്യാപകമായി പരിസ്ഥിതി സ്‌നേഹികളുടെ സാമൂഹിക മാധ്യമകൂട്ടായ്മയുണ്ട്. ഈ ബൃഹത് കര്‍മ്മപദ്ധതിയുടെ മുഖ്യ അമരക്കാരന്‍ നേരത്തെതന്നെ തൃശ്ശൂര്‍ സ്വദേശി ഡ്രൈ ഫ്രൂട്ട് വ്യാപാരി എസ്.ജി രവി എന്ന പരിസ്ഥിതി സ്നേഹിയാണ്. കേരളത്തില്‍ പതിനായിരത്തോളം മാവിനങ്ങള്‍ ഉണ്ടെന്നാണ് ഈ കൂട്ടായ്മയുടെ കണ്ടെത്തല്‍. കുറ്റ്യാടി തെങ്ങിന്‍ തൈ, കാസര്‍കോടന്‍ കുള്ളന്‍ , കോഴിക്കോടന്‍ ഹലുവ , പയ്യന്നൂര്‍ പവിത്രമോതിരം , ആറന്മുളകണ്ണാടി , തലശ്ശേരി ബിരിയാണി , പയ്യോളി മിക്സ്ച്ചര്‍ , വടകര മുറുക്ക്, മലപ്പുറം കത്തി അങ്ങനെ നീളുന്നു ഓരോപ്രദേശത്തിന്റെയും പേരിനൊപ്പം ഓരോ വസ്തുക്കളുടെ വിശേഷണം.
കൈത്തറിയും തെയ്യക്കാഴ്ച്ചകളും കണ്ണൂരിന്റെ സ്വന്തമാണെന്നപോലെ തന്നെ നാട്ടുരുചിയുടെ മാധുര്യമുള്ള അഥവാ മാമ്പഴമധുരമുള്ള കുറ്റിയാട്ടൂരിന്റെ മാമ്പഴപ്പെരുമ കടലുകളും കടന്ന് ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ബൃഹത് കര്‍മപദ്ധതിക്ക് രൂപകല്‍പ്പന നിര്‍വ്വഹിച്ച കൃഷി ഓഫീസര്‍ കെ.കെ ആദര്‍ശ് അഭിമാനത്തിളക്കത്തില്‍ നില്‍ക്കുകയാണ്. കണ്ണൂരിലെ കുറ്റിയാട്ടൂര്‍ ഗ്രാമത്തിന്റെ സ്വന്തം തേന്‍കനിയായ വിഷം തീണ്ടാത്ത കുറ്റിയാട്ടൂര്‍ മാങ്ങകള്‍ക്ക് ഭൗമ സൂചികാപദവി ലഭിച്ചിരിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ സഹായ സഹകരണത്തോടെയും കര്‍ഷകരുടെ പൂര്‍ണ്ണ പിന്തുണയോടെയും സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി കൃഷിഭവന്‍ നടപ്പിലാക്കുന്ന ‘കുറ്റിയാട്ടൂര്‍ മാങ്ങ സംഭരണവിപണന പദ്ധതി’യിലൂടെ മാങ്ങയോളം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞിരിക്കയാണ് മാമ്പഴ ഉല്‍പ്പന്നങ്ങളും.
എത്ര ഉയരത്തിലുള്ള മാവില്‍ നിന്നും അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തികച്ചും ശാസ്ത്രീയമായ രീതിയില്‍ മാങ്ങകള്‍ നിലത്തു വീഴാതെ പറിച്ചെടുത്ത് ജൈവികവും പാരമ്പരാഗതവുമായ രീതിയില്‍ പഴുപ്പിച്ചെടുത്ത് കുറ്റിയാട്ടൂര്‍ കൃഷിഭവനിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണനം നടത്താനും ഇത്തരം മാങ്ങകളില്‍നിന്നും സ്‌ക്വാഷ് , ജാം , അച്ചാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണം നടത്തുന്നതിനായി കൃഷി വിജ്ഞാനകേന്ദ്രം ഡയരക്ടര്‍ ഡോ. ജയരാജിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതിയും ഇവിടെ നേരത്തെതന്നെ രൂപീകരിച്ചിരുന്നു.
ഉയരംകൂടിയ നാട്ടുമാവുകളില്‍നിന്നും മാങ്ങപറിക്കാന്‍ ആളെകിട്ടാത്ത അവസ്ഥയും ഉയര്‍ന്ന കൂലിനിരക്കുമെന്ന സാഹചര്യത്തിലും കുറ്റിയാട്ടൂരിലെ വിഷം തീണ്ടാത്ത നാട്ടുമാങ്ങ തേടി അകലെനിന്നുവരെ ആളുകളെത്തുന്ന കാഴ്ചക്ക് കണ്ണൂര്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.
ലോകപ്രശസ്തമായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ കുള്ളന്‍ മാവുകള്‍ -ഹൈബ്രീഡ് ഇനങ്ങള്‍ വിപണിയിലെത്താനിരിക്കുന്നതേയുള്ളൂ. പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രവും കുറ്റിയാട്ടൂര്‍ മാവ് കര്‍ഷകകൂട്ടായ്മയും സംയുക്തമായാണ് ഈ കുള്ളന്‍ മാവിനം വികസിപ്പിച്ചെടുത്തത് . അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമാന്യം നല്ല വിളവ് ലഭിക്കുന്ന കുള്ളന്‍ മാവുകള്‍ 4 മീറ്റര്‍ വരെ ഉയരം വയ്ക്കും.
കുറ്റിയാട്ടൂര്‍ പ്രദേശത്തും പരിസരങ്ങളിലുമുള്ള മുത്തശ്ശി മാവുകളില്‍ നിന്നും തിരഞ്ഞെടുത്ത ഒട്ടുകമ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുള്ളന്‍ മാവുകള്‍ വികസിപ്പിസിച്ചെടുക്കുന്നതെന്ന് കൃഷിഓഫിസര്‍ കെ.കെ ആദര്‍ശ് വ്യക്തമാക്കി. മാമ്പഴക്കാലമായാല്‍ തട്ടുകടകളിലും പഴവര്‍ഗ്ഗ വിപണന കേന്ദ്രങ്ങളിലുമെല്ലാം പല രോഗങ്ങള്‍ക്കും കാരണമാകുന്ന കാര്‍ബൈഡും മറ്റുരാസവസ്തുക്കളും വച്ച് കൃത്രിമമായി പഴുപ്പിച്ചെടുത്തമാങ്ങകള്‍ സുലഭമാണ്.
പഴുപ്പിക്കാന്‍ പാകമെത്താത്ത, ശരിക്കും വിളയാത്ത മാങ്ങകള്‍ പോലും സ്വര്‍ണ വര്‍ണമുള്ളതാക്കി മാറ്റാന്‍ കച്ചവടക്കണ്ണുള്ളവര്‍ ഇത്തരം രാസപദാര്‍ഥങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് വെല്‍ഡിങ്ങിനുപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏതു ഫലവും ചുരുങ്ങിയത് 12 മണിക്കൂര്‍കൊണ്ട് മഞ്ഞയും ഓറഞ്ചും കലര്‍ന്ന ആകര്‍ഷണീയമായ വര്‍ണ്ണപ്പൊലിമ അതിന്റെ തൊലിപ്പുറമെ വരികയും വിളഞ്ഞുപഴുത്ത ഫലമാണെന്ന് തെറ്റിധരിപ്പിക്കാനും കഴിയും. ഇത്തരം ഫലങ്ങള്‍ കഴിച്ചവര്‍ക്കു തലചുറ്റല്‍, തലവേദന, അതുപോലെ നാഡീവ്യൂഹങ്ങളെയും തലച്ചോറിനെയും ബാധിക്കുന്ന അസുഖങ്ങള്‍ അനുഭവപ്പെടുന്നതായും അറിയുന്നു.
ഭക്ഷ്യ സുരക്ഷാനിയമപ്രകാരം കാര്‍ബൈഡ് ഉപയോഗിച്ച് ഫലങ്ങള്‍ പഴുപ്പിക്കുന്നത് ശിക്ഷാര്‍ഹവും തടവും പിഴയും ലഭിക്കുന്നതുമാണ്. നാട്ടുമാങ്ങകള്‍ക്ക് വിപണിയില്‍ വേണ്ടത്ര പരിഗണ ലഭിക്കാതെ വീട്ടുപറമ്പുകളില്‍ വീണടിയുന്ന അവസ്ഥയാണ്. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കാതെ തികച്ചും ജൈവികവും പരമ്പരാഗതവും ശാസ്ത്രീയവുമായ രീതില്‍ കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും സമാസമം തട്ടുകളായി വിരിച്ചുകൊണ്ട് അതില്‍ മാങ്ങ നിരത്തിയും പൊതിഞ്ഞുമാണ് ഇവിടെ മാങ്ങകള്‍ പഴുപ്പിച്ചെടുക്കുന്നത്.
കുറ്റിയാട്ടൂരിന്റെ മാമ്പഴപെരുമയിലേക്ക് ഒരെത്തിനോട്ടം !
ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റിയാട്ടൂരിലെ ചാത്തോത്ത് തറവാട്ടിലാണ് ആദ്യമായി കുറ്റിയാട്ടൂര്‍ മാവിന്‍തൈ നട്ടുവളര്‍ത്തിയത്. നീലേശ്വരം കൊട്ടാരത്തില്‍നിന്നാണത്രെ ഈ ഇനം മാവിന്‍തൈകള്‍ ആദ്യമായി കുറ്റിയാട്ടൂരിലെത്തിയത്. ജലസമൃദ്ധിയും വിളസമൃദ്ധിയുംപോലെ തന്നെ ഇവിടുത്തെ മണ്ണിന്റെ സ്വഭാവവും അനുകൂല കാലാവസ്ഥയും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ കാലാന്തരത്തില്‍ കുറ്റിയാട്ടൂര്‍ ഗ്രാമം മാങ്ങയുടെ പേരിലറിയപ്പെടേണ്ട നിലയിലെത്തി. കുറ്റിയാട്ടൂരെന്ന നാട്ടുമ്പുറത്തെ ചായക്കടയിലിരുന്ന് കുശലം പറയുന്നതിനിടയില്‍ കേട്ട ചിലകാര്യം കൂടി. രുചിവൈവിധ്യമുള്ള ഇവിടുത്തെ മാങ്ങ വൈക്കോലിട്ടു പഴുപ്പിച്ചെടുത്ത് കാല്‍നടയായി ഇരിക്കൂര്‍ ചന്തയില്‍ കൊണ്ടുപോയി വില്‍പ്പനനടത്തിയ വേശാല സ്വദേശി ഗോവിന്ദന്‍ നമ്പ്യാര്‍ എന്നൊരാള്‍ പണ്ടുണ്ടായിരുന്നത്രെ. ആ കാഘട്ടങ്ങളിലെല്ലാം ഇന്നത്തെ കുറ്റിയാട്ടൂര്‍ മാങ്ങ അറിയപ്പെട്ടതാവട്ടെ നമ്പ്യാരുടെ പേരിനൊപ്പം ‘നമ്പ്യാര്‍ മാങ്ങ’ എന്നപേരില്‍.
കുറ്റിയാട്ടൂര്‍ മാങ്ങകള്‍ ഭൗമ സൂചിക പദവിയിലേക്ക് കൈയ്യെത്തി നില്‍ക്കുമ്പോഴും ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നതിനേക്കാള്‍ അഭികാമ്യം ഒരു ദേശത്തിന്റെ പേരിലല്ലേ എന്നവിഷയത്തിലും നേരത്തെ അഭിപ്രായഭിന്നതകള്‍ ഇല്ലാതെയുമല്ല. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ മുണ്ടേരി , മയ്യില്‍ , കൂടാളി , കൊളച്ചേരി , മലപ്പട്ടം തുടങ്ങി 16ലധികം വാര്‍ഡുകളിലും കുറ്റിയാട്ടൂര്‍ മാമ്പഴം സുലഭമാണ്.’ഓരോ വീട്ടിലും ഒരുമാവെങ്കിലും’ എന്നപോലെയാണിപ്പോഴത്തെ അവസ്ഥ.300 ഹെക്ടര്‍ ഭൂമിയില്‍ ഇരുപതിനായിരത്തിലധികം മാവുകള്‍. അവയില്‍ ചിലത് നാനൂറിലധികം വര്‍ഷം പ്രായമായതും കുറ്റിയാട്ടൂരിലെ വേറിട്ട കാഴ്ച്ച.
ഏറെക്കാലമായി ഈ പ്രദേശത്തെ മാവുകളിലെ വിളവുകള്‍ മൊത്തത്തില്‍ പാട്ടത്തിന് കൊടുക്കുന്ന രീതിയില്‍നിന്നും മാങ്ങയുടെ വിപണനസാധ്യത കൂടുതല്‍ ഗുണപ്രദമായതോതില്‍ നാട്ടുകാര്‍ക്ക് ലഭിക്കണം എന്ന ലക്ഷ്യവുമായി കുറ്റിയാട്ടൂര്‍ കൃഷിഭവനിലെ ഓഫിസര്‍ കെ.ആദര്‍ശിന്റെ ചില കണ്ടെത്തലുകള്‍ സമീപ കാലത്ത് ബൃഹത് കര്‍മ്മപദ്ധതിയായി മാറുകയാണുണ്ടായത്. അതാതിടങ്ങളിലെ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ കുറ്റിയാട്ടൂര്‍ മാവുകളുള്ള വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കുന്ന മാമ്പഴങ്ങള്‍ ശാസ്ത്രീയവും പാരമ്പരാഗതവുമായ രീതിയില്‍ പഴുപ്പിച്ചെടുക്കയാണ് ചെയ്യുന്നത്.
കുറ്റിയാട്ടൂര്‍-വെള്ളവയല്‍ മാങ്ങയുല്‍പ്പാദനസംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റിയാട്ടൂര്‍ മാങ്ങയില്‍ നിന്നും മൂല്യവര്‍ര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്രത്തിലെ വിദഗ്ദ്ധരുടെ നിയന്ത്രണത്തില്‍ പരിശീലനവും പ്രദേശത്ത് നടന്നിരുന്നു. കണ്ണൂര്‍ കലക്ടറേറ്റ് അനക്സ് കെട്ടിടത്തിന് സമീപത്തുള്ള സാമൂഹ്യനീതി ഓഫീസിനു സമീപം കുറ്റിയാട്ടൂര്‍ മാങ്ങകള്‍ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതായുമറിയുന്നു. കുറ്റിയാട്ടൂര്‍ മാമ്പഴപ്പെരുമയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കൃഷി ഓഫീസര്‍ കെ.കെ ആദര്‍ശ് -8618030516.