കോഴിക്കോട്:ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ.. കുരുവട്ടുർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരെ ആദരിച്ചും കാർഷിക മേഖലയുടെ പ്രാധാന്യം വിശദീകരിച്ചും ജനങ്ങളെ കർഷക ആഭിമുഖ്യമുള്ള ഒരു സമൂഹമാക്കി പുനർസൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മുതിർന്ന കർഷകരെ ആദരിച്ചു. ബോധവത്കരണ ക്ലാസ്സുകളും റാലികളും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി നടന്ന തൈ നടീൽ ഉദ്ഘാടനം സിനിമാതാരം സുധീഷ് നിർവ്വഹിച്ചു. സുധീഷ് കേളോട്ടുതാഴം എന്ന യുവ കർഷകന്റെ മച്ചക്കുളം പ്രദേശത്തുള്ള കൃഷിയിടത്തിലായിരുന്നു നടീൽ.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സിന്ധു പ്രദോഷ്, യു.പി സോമനാഥൻ, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശ്, മീന ടി.കെ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ രമാദേവി, കൃഷി ഓഫീസർ ടി. രൂപക്ക്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപാ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.